വിജയമൊരുക്കി കനിമധുരം പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക്

പയ്യന്നൂര്‍: പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടത്തിവരുന്ന കനിമധുരം പദ്ധതി വിജയകരമായ അഞ്ചാം വര്‍ഷത്തിലേക്ക്.2014ല്‍ ഭക്ഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സൗഹൃദം എന്നീ ആശയങ്ങളിലൂന്നി ആരംഭിച്ച പദ്ധതി വഴി മൂന്നരലക്ഷം ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു. ഈ വര്‍ഷം സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഹരിത കേരളം പദ്ധതി മണ്ഡലത്തില്‍ വിപുലമായി നടപ്പിലാക്കുന്നത് കനി മധുരം പദ്ധതി വഴിയാണ്.
പഞ്ചായത്തുകളില്‍ നഴ്‌സറിയുണ്ടാക്കിയും സോഷ്യല്‍ ഫോറസ്ട്രി നഴ്‌സറിയിലൂടെയും സീതപ്പഴം, നെല്ലി, പേര, മാതളം, മുരിങ്ങ, കുടംപുളി, മാവ്, പ്ലാവ് തുടങ്ങിയ തൈകള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നു. ഈവര്‍ഷം രണ്ടുലക്ഷം തൈകള്‍ പഞ്ചായത്തുകള്‍ വഴിയും, 75000 തൈകള്‍ സോഷ്യല്‍ ഫോറസ്ട്രി വഴിയും പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യും. അവലോകന യോഗത്തില്‍ സി കൃഷ്ണന്‍ എംഎല്‍എ, എം ഭാസ്‌കരന്‍, പി വി ലക്ഷ്മണന്‍ നായര്‍, ജോയിന്റ് ബിഡിഒ പി നാരായണന്‍, സോഷ്യല്‍ ഫോറസ്ട്രി ഓഫിസര്‍ കെ ചന്ദ്രന്‍, വി വി നാരായണന്‍, കെ രാജന്‍, ഡോ. രാമന്തളി രവി, കെ രാമചന്ദ്രന്‍, പി കരുണാകരന്‍, പി വി പത്മനാഭന്‍, രമേശന്‍ പേരൂല്‍ സംസാരിച്ചു.

RELATED STORIES

Share it
Top