വിജയത്തോടെ ബഫണ് യുവന്റസിന്റെ യാത്രയയപ്പ്


റോം: 17 വര്‍ഷക്കാലം ടീമിന്റെ നെടുന്തൂണായിരുന്ന ഇതിഹാസ താരം ജിയാന്‍ലൂജി ബഫണ് ജയത്തോടെ യാത്രയയപ്പ് നല്‍പ്പി യുവന്റസ്. ഇറ്റാലിയന്‍ സീരി എയിന്റെ ഈ സീസണിലെ യുവന്റസിന്റെ അവസാന മല്‍സരത്തില്‍ ഹെല്ലാസ് വെറോണയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് യുവന്റസ് ബഫണിന്റെ യാത്രയയപ്പ് ഗംഭീരമാക്കിയത്.
ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മല്‍സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 49ാം മിനിറ്റില്‍ റുഗാനിയാണ് യുവന്റസിന്റെ അക്കൗണ്ട് തുറന്നത്. 52ാം മിനിറ്റില്‍ യാനിക്ക് യുവന്റസിന്റെ ലീഡ് നേട്ടം രണ്ടാക്കി ഉയര്‍ത്തി. 76ാം മിനിറ്റില്‍ സെറിക്കാണ് ഹെല്ലാസ് വെറോണയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. 85ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ യുവന്റസിന് പെനല്‍റ്റിയിലൂടെ അവസരം ലഭിച്ചെങ്കിലും കിക്കെടുത്ത സ്റ്റീഫന്‍ ലിച്ച്സ്റ്റീനര്‍ അവസരം നഷ്ടപ്പെടുത്തി. പിന്നീട് ഗോളകന്ന് നിന്നതോടെ 2-1ന്റെ ജയവുമായി ഈ സീസണിലെ അവസാന മല്‍സരവും യുവന്റസ് ആഘോഷമാക്കി.
മല്‍സരത്തിന്റെ 63ാം മിനിറ്റിലാണ് ബഫണിന് ആരാധകരോട് വിടപറയാനുള്ള അവസരം ലഭിച്ചത്. കോച്ച് പകരക്കാരനെ ഇറക്കി ബഫണെ തിരിച്ചുവിളിച്ചതോടെ തിങ്ങിനിറഞ്ഞ കാണികളോട് യാത്ര പറഞ്ഞ് ബഫണ്‍ കളം വിട്ടു. 640 സെരി എ മത്സരങ്ങള്‍ക്ക് ശേഷമാണ് ബഫണ്‍ യുവന്റസിനോട് വിട പറയുന്നത്. എസി മിലാന്റെ ഇതിഹാസതാരം പൗളോ മാള്‍ദിനി മാത്രമാണ് ഇക്കാര്യത്തില്‍ ബഫണിന് മുന്നില്‍.

RELATED STORIES

Share it
Top