വിജയത്തിളക്കത്തിലും വീടില്ലെന്ന ദു:ഖത്തില്‍ നവ്യയും കുടുംബവും; വീട് ഒരുക്കാന്‍ പദ്ധതിയുമായി പഞ്ചായത്ത്

ചാലക്കുടി: ഇല്ലായ്മയുടെ ദുരിതങ്ങള്‍ക്കിടയില്‍നിന്ന് പഠിച്ച് എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ വേളൂക്കരയിലെ നവ്യയുടെ കുടുംബത്തിന് സാന്ത്വനമേകാന്‍ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ ആരംഭിച്ചു.  പ്രസിഡന്റ് ജെനീഷ് പി.ജോസ് കഴിഞ്ഞ ദിവസം എരുമേല്‍ നാരായണന്റെ കുടിലിലെത്തി അവരുമായി ചര്‍ച്ച നടത്തി.
എത്രയും വേഗം നവ്യയുടെ കുടുംബത്തിന് അന്തിയുറങ്ങാ ന്‍ കഴിയുന്ന അടച്ചുറപ്പുള്ളൊരു    വീട് ഒരുക്കി കൊടുക്കലാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  ആകെയുള്ള പത്തു സെന്റ് സ്ഥലം നാരായണന്റെ അഛന്‍ സുബ്രന്റെ പേരിലാണ്. ഇയാളുടെ മൂന്നു മക്കള്‍ക്കും അവകാശമുള്ള സ്ഥലത്തിന്റെ ആധാരം ഇപ്പോള്‍ ഇരിക്കുന്നതാകട്ടെ ലക്ഷങ്ങളുടെ കടബാധ്യതയില്‍ സഹകരണ ബാങ്കിന്റെ അലമാരയിലും.
പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയില്‍ കുടുംബത്തെ ഉള്‍പ്പെടുത്താന്‍ ഇതു തടസമാവുകയാണ്. മാത്രമല്ല, ഇതിനു ഏറെ കാലതാമസം നേരിടുകയും ചെയ്യും. വീടിന് മുകളിലൂടെ കടന്നുപോകുന്ന രണ്ടും ടവര്‍ ലൈനുകളുടെ നാരായണന്റെ വീടിന് കനത്തഭീഷിണിയുമാണ്. ഈ സാഹചര്യത്തില്‍ മറ്റൊരു സ്ഥലം കണ്ടെത്തുന്നതാണ് ഉചിതമായ മാര്‍ഗമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. സ്ഥലം ഒത്തുകിട്ടുന്ന മുറയ്ക്ക് വീട് നല്‍കല്‍ പെട്ടെന്ന് നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പോയ എംഎല്‍എ ബി.ഡി.ദേവസി എത്തിയാലുടന്‍ എരുമേല്‍ നാരായണന് സ്വന്തമായി സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങളുണ്ടാവുകയും ചെയ്യും. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച നവ്യയുടെ കുചേല കുടുംബത്തിന്റെ കഥ അറിഞ്ഞ നിരവധി പേര്‍ അന്വേഷണവുമായി എത്തുന്നുണ്ട്. സങ്കേതിക നൂലാമാലകള്‍ മാറിക്കിട്ടിയാല്‍  സഹായം നല്‍കാ ന്‍ പലരും തയ്യാറുമാണ്. രണ്ടു വര്‍ഷത്തെ പ്ലസ്ടൂ പഠനത്തിന്റെ ചിലവു വഹിക്കുമെന്ന് സ്ഥലത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറിയിച്ചു. വീടു നി ര്‍മ്മിക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിന്റെ പൂര്‍ത്തീകരണത്തിന് അമ്പതിനായിരം രൂപ നല്‍കുമെന്ന് ചാലക്കുടിയിലെ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ വാഗ്ദ്ധാനം ചെയ്തു.

RELATED STORIES

Share it
Top