വിജയത്തിനു നന്ദിയറിയിച്ച് സെനഗലിന്റെ ഗ്രൗണ്ട് ക്ലീനിങ്‌

മോസ്‌കോ: ലോകകപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തിലെ വിജയത്തിന് പകരം ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കി സെനഗല്‍ ആരാധകര്‍ മാതൃകയായി. പ്രഗല്‍ഭ താരം ലെവന്‍ഡോവ്‌സ്‌കി നയിച്ച പോളണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ആഫ്രിക്കന്‍ കരുത്തരായ സെനഗല്‍ കരുത്തു കാട്ടിയത്.
തങ്ങളുടെ ടീമിനെ പ്രോല്‍സാഹിപ്പിക്കാന്‍ നിരവധി കാണികളാണ് റഷ്യയിലെത്തിയിരുന്നത്. ഗാലറിയില്‍ തങ്ങളുടെ പ്രിയ ടീമിനെ പിന്തുണയ്ക്കാന്‍ ആര്‍ത്തലയ്ക്കുന്നതിനിടെ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങളെല്ലാം മല്‍സരശേഷം അവര്‍ സ്വയം വൃത്തിയാക്കി. സെനഗല്‍ ആരാധകരുടെ ഈ പ്രവൃത്തി കണ്ട മറ്റു കാണികളും അവരോടൊപ്പം ചേര്‍ന്നു. വിജയത്തിലും എളിമ കൈവിടാതെ ആരാധകര്‍ കാണിച്ച നല്ല മനസ്സിന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആശംസാപ്രവാഹം തന്നെയുണ്ടായി.

RELATED STORIES

Share it
Top