വിക്രമസിംഗെയെ പുറത്താക്കി; രജപക്‌സെ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കയില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ പ്രസിഡന്റ് മൈത്രീപാല സിരിസേന പുറത്താക്കി. മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. മൈത്രീപാല സിരിസേനയുടെ പാര്‍ട്ടി നിലവിലെ കൂട്ടുകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു.
ഇതോടെയാണ് റെനില്‍ വിക്രമസിംഗെയ്ക്കു ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്. രാജപക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങള്‍ രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.ശ്രീലങ്കയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ രാജപക്‌സെ രൂപീകരിച്ച പുതിയ പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. ഇതോടെയാണ് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയും യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയും ചേര്‍ന്നുള്ള സഖ്യകക്ഷി സര്‍ക്കാരില്‍ അസ്വസ്ഥതകള്‍ രൂപംകൊണ്ടത്. ശ്രീലങ്കന്‍ സാമ്പത്തിക നയങ്ങളില്‍ സിരിസേനയും വിക്രമസിംഗെയും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. 2015ല്‍ റെനില്‍ വിക്രമസിംഗെയുടെ പിന്തുണയോടെയാണ് സിരിസേന പ്രസിഡന്റായത്. വ്യക്തമായ ഭൂരിപക്ഷമില്ലാതെ പ്രധാനമന്ത്രിയെ സ്ഥാനത്തുനിന്നു പുറത്താക്കാനാവില്ലെന്നും വിവരമുണ്ട്.
അതേസമയം ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.
അഞ്ചു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് നാലക ഡി സില്‍വയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ അറസ്റ്റ് ചെയ്തത്. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെയും മുന്‍ പ്രതിരോധ സെക്രട്ടറിയെയും വധിക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.

RELATED STORIES

Share it
Top