വികെ സിങിന്റെ ദലിത് വിരുദ്ധ പരാമര്‍ശം; ഇരു സഭകളിലും ബഹളം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഹരിയാനയില്‍ രണ്ടു ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തെ തുടര്‍ന്ന് ദലിതുകളെ നായയോടുപമിച്ച കേന്ദ്ര മന്ത്രി വി കെ സിങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. ഇന്നലെ ചോദ്യോത്തരവേള ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തുവരെ എത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ വികെ സിങിനെതിരേ മുദ്രാവാക്യം വിളിച്ചു.

വികെ സിങ് മാപ്പുപറയണമെന്നും സിങിനെതിരേ എന്തു നടപടിയാണ് പ്രധാനമന്ത്രി മോദി എടുത്തതെന്നും പ്രതിപക്ഷം ചോദിച്ചു. ഇന്നലെ സഭ സമ്മേളിച്ച ഉടന്‍ തന്നെ ചോദ്യോത്തരവേള മാറ്റിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ എല്ലാ നോട്ടീസുകള്‍ക്കും സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചത്.
തമിഴ്‌നാട്ടിലേയും ആന്ധ്രപ്രദേശിലേയും വെള്ളപ്പൊക്കത്തെ കുറിച്ച് ആദ്യം ചര്‍ച്ചചെയ്യാമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പാര്‍ലമെന്റ് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ നഗരം കഴുത്തൊപ്പം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ഇവിടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ സാഹചര്യം അപകടകരമാണെന്നും ഈ വിഷയം സഭയില്‍ ആദ്യം ചര്‍ച്ചചെയ്യാമെന്നും നായിഡു പറഞ്ഞു.
എന്നാല്‍, വികെ സിങ് മാപ്പുപറയണമെന്ന ആവശ്യവുമായി പ്രതിപക്ഷം ബഹളം തുടര്‍ന്നു. ബഹളം തുടര്‍ന്നതോടെ അസ്വസ്ഥനായി കാണപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അംഗങ്ങളോട് ഇരിപ്പിടങ്ങളിലേക്ക് മടങ്ങിപ്പോവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം അതിന് തയ്യാറായില്ല. മുക്കാല്‍ മണിക്കൂറോളം നീണ്ട ബഹളത്തിനൊടുവില്‍ പ്രതിപക്ഷം സഭവിട്ട് പുറത്തുപോയി.
ദലിതുകള്‍ക്കെതിരേ വികെ സിങ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ എന്ത് നടപടിയാണ് എടുക്കാന്‍ പോവുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
അതേസമയം, ഗുജറാത്തിലെ ദ്വാരകാ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ തന്നെ ജാതി ചോദിച്ച് അപമാനിച്ചെന്ന കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ സെല്‍ജയുടെ വെളിപ്പെടുത്തല്‍ രാജ്യസഭയെയും പ്രക്ഷുബ്ധമാക്കി. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, പിയൂഷ് ഗോയല്‍ എന്നിവര്‍ മുന്‍ കേന്ദ്രമന്ത്രിയുടെ വാദങ്ങള്‍ക്കെതിരെ രംഗത്തുവന്നത് പ്രതിപക്ഷ-ഭരണപക്ഷ വാഗ്വാദത്തിനിടയാക്കി. കുമാരി സെല്‍ജ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നായിരുന്നു കേന്ദ്രമന്ത്രിമാരുടെ വാദം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവത്തില്‍ എന്തുകൊണ്ട് അന്നു പ്രതികരിച്ചില്ലെന്നും ഭരണപക്ഷം ചോദിച്ചു.
കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രശ്‌നങ്ങളും വിവേചനങ്ങളും വ്യാജമായി നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്ന മന്ത്രി പിയൂഷ് ഗോയലിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് കുമാരി സെല്‍ജ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. വിഷയത്തില്‍ രാജ്യസഭ ഇന്നലെ മൂന്നു പ്രാവശ്യം നിര്‍ത്തിവച്ചു.

RELATED STORIES

Share it
Top