വികാരിയെ മാറ്റിയതിനെതിരേ പ്രതിഷേധം; വിശ്വാസികള്‍ പള്ളിപൂട്ടി

മുണ്ടക്കയം: ഇടവക വികാരിയെ മാറ്റിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുണ്ടക്കയം പുഞ്ചവയലില്‍ ഒരു വിഭാഗം വിശ്വാസികള്‍ പള്ളി പൂട്ടി. പുഞ്ചവയല്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയായ ഫാദര്‍ ജോര്‍ജ് നെല്ലിക്കലിനെ അണക്കര കണ്‍വന്‍ഷന്‍ സെന്ററിലേക്കു മാറ്റിക്കൊണ്ട് ശനിയാഴ്ചയാണു രൂപതാ കേന്ദ്രത്തില്‍ നിന്ന് ഉത്തരവുണ്ടായത്. ഇതിനെതിരെയായിരുന്നു പ്രതിഷേധം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനകം പള്ളിയില്‍ നിന്ന് മാറണമെന്നതായിരുന്നു രൂപതാകേന്ദ്രത്തില്‍ നിന്നെത്തിയ നിര്‍ദേശം. ഇത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന ഒരുപറ്റം വിശ്വാസികളാണ് പ്രതിഷേധവുമായെത്തിയത്. ഇന്നലെ രാവിലെ ഏഴിന് നടന്ന കുര്‍ബാനയ്ക്കു ശേഷം ഇവര്‍ പള്ളി പൂട്ടി. മതബോധന ക്ലാസുകള്‍ നടക്കുന്ന ക്ലാസ് മുറികളും ഇവര്‍ പൂട്ടി. തുടര്‍ന്ന് വികാരി ജനറാള്‍ ഫാദര്‍ കുര്യന്‍ താമരശ്ശേരിയുടെ കോലവും കത്തിച്ചു. മൂന്നു വര്‍ഷത്തേക്കാണ് ഫാ. ജോര്‍ജിനെ ഇവിടെ നിയമിച്ചത്. ഇനി ഒരു വര്‍ഷംകൂടി സേവനകാലാവധിയുണ്ട്. ചില തല്‍പര കക്ഷികളുടെ സമ്മര്‍ദ്ദം മൂലമാണ് വൈദികനെ ഇവിടെ നിന്നു മാറ്റാന്‍ ശ്രമം നടക്കുന്നതിനു പിന്നിലെന്നു വിശ്വാസികള്‍ ആരോപിക്കുന്നു. 500 കുടുംബങ്ങളുള്ള ഇടവകയില്‍, 90 ശതമാനവും വൈദികനെ മാറ്റരുതെന്ന നിലപാടിലാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇടവകയ്ക്ക് ഏറെ വികസനമെത്തിച്ച വൈദികനെ മാറ്റാനനുവദിക്കില്ലെന്ന നിലപാടിലാണ് സ്ത്രീകളടക്കമുള്ള വിശ്വാസ സമൂഹം. വികാരിയെ മാറ്റിയ തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യമാണ് ഇദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നത്. ഇക്കാര്യമുന്നയിച്ച് പ്രതിഷേധം നടത്തുന്നവര്‍ പള്ളി പരിസരത്ത് തടിച്ചുകൂടി. എന്നാല്‍ തീരുമാനം പുനപരിശോധിക്കേണ്ട ആവശ്യമില്ലന്നും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ടിന്മേലാണു വികാരിയെ സ്ഥലം മാറ്റിയ നടപടിയെന്നും കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രം വ്യക്തമാക്കി. പ്രതിഷേധമാരംഭിച്ചതോടെ പോലിസ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

RELATED STORIES

Share it
Top