വികാരഭരിതയായി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരേ വന്ന പരാമര്‍ശത്തില്‍ വികാരഭരിതയായി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍. ചെയര്‍പേഴ്‌സനെ അപമാനിച്ചവര്‍ ഇവിടെത്തന്നെയുണ്ടെന്ന് കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര പറഞ്ഞു. കമ്മീഷന്‍ ഇതിനെ ഗൗരവത്തോടെ കണ്ട് ഡിജിപിക്കു പരാതി നല്‍കിയെന്നും അവര്‍ പറഞ്ഞു.
വിമര്‍ശനം പരസ്യമായി നടത്താം. സഭ്യമായ ഭാഷയിലായിരിക്കണം. അസഭ്യം, തെറി എന്നിവയേക്കാളും മോശമായ പ്രയോഗമാണ് തനിക്കെതിരേ നടത്തിയിട്ടുള്ളത്. വനിതാ കമ്മീഷന്‍ അംഗങ്ങളും സ്ത്രീകളാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് തങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സ്വകാര്യ ജീവിതമുണ്ട്. എന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചാല്‍ എനിക്കൊരു പ്രശ്‌നവുമില്ല. ഹനാനെതിരേയും ഹരീഷിന്റെ മകള്‍ക്കെതിരേയും നടത്തിയ പരാമര്‍ശങ്ങളുടെ സ്‌ക്രീന്‍ ഷോര്‍ട്ട് കൈവശമുണ്ട്. സൂര്യനെല്ലി ഉള്‍പ്പെടെ ബലാല്‍സംഗക്കേസുകളില്‍ ഇടപെട്ടിട്ടുണ്ട്. 42 വര്‍ഷത്തെ പൊതുപ്രവര്‍ത്തന രാഷ്ട്രീയപരിചയമുണ്ട്. പത്രമാധ്യമങ്ങളെ താന്‍ കുറ്റം പറഞ്ഞിട്ടില്ല. പി സി ജോര്‍ജ് പറയുന്നത് അയാളുടെ സംസ്‌കാരമാണ്. നിയമസഭാ സാമാജികനെന്ന നിലയില്‍ അദ്ദേഹത്തെ ബഹുമാനിച്ചിട്ടുണ്ട്. നിയമസഭാ എത്തിക്‌സ് കമ്മിറ്റിയില്‍ ജോര്‍ജ് അംഗമായിരിക്കെ, കമ്മീഷന്‍ നല്‍കിയ പരാതി ഇദ്ദേഹത്തെ ഇരുത്തി ചര്‍ച്ച ചെയ്യുന്നതിന്റെ നിയമസാധുത പരിശോധിക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.
കമ്മീഷന്‍ അദാലത്തിന്റെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കാതെ മാറിനില്‍ക്കുകയായിരുന്ന ചെയര്‍പേഴ്‌സണ്‍, സോഷ്യല്‍ മീഡിയാ കേസിനെപ്പറ്റിയുള്ള ചോദ്യത്തിനാണ് വികാരഭരിതയായി മറുപടി നല്‍കിയത്.

RELATED STORIES

Share it
Top