വികസന സാധ്യതകളെ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി

കോഴിക്കോട്: കോഴിക്കോട്ടുള്ള ടൂറിസം സാധ്യതകളെ പ്രയോജനപ്പെട്ടുത്തുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കണ്ടല്‍ക്കാടുകളും ജൈവ സമ്പത്തും സംരക്ഷണവും പ്രാദേശിക വിഭവങ്ങളുടെ പരിപോഷണവും പരമ്പരാഗത തൊഴില്‍ നിലനിര്‍ത്തലുമാണ് ജലായനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഒളവണ്ണയില്‍ നടന്ന സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായുള്ള ജലായനം ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജലായനം ടൂറിസം  പദ്ധതികയുടെ ഭാഗമായി ടൂറിസ്റ്റുകള്‍ക്ക് വേണ്ടി അഞ്ചു വിവിധ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ‘കടലുണ്ടിയെ അറിയുക’ എന്ന ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പാക്കേജില്‍ നാടന്‍ തോണിയാത്ര, കണ്ടല്‍ക്കാടുകളെ തൊട്ടറിയുക, പരമ്പരാഗത കടല്‍-കായല്‍ വിഭവങ്ങള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ഫീല്‍ മൊഹബത്ത് വിത്ത് മാമ്പുഴ’ എന്ന മുഴുദിന പാക്കേജിന്റെ ഭാഗമായി തോണിയാത്ര, മണ്‍പാത്ര നിര്‍മാണം, ഓലമടയല്‍, ഡയറിഫാം, പിച്ചള ഇസ്തിരിപ്പെട്ടി നിര്‍മാണം, ഫാം വിസിറ്റ് - ഫ്‌ലോട്ടിങ് റസ്റ്റോറന്റ്, മണ്ണില്ലാ കൃഷിരീതി (അക്വാപോണിക്‌സ്), മൈലാഞ്ചിയിടല്‍ കോര്‍ണര്‍, മാമ്പുഴ കണ്ടല്‍യാത്ര തുടങ്ങിയവ വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ‘ചാലിയാര്‍ ത്രിവേണി ഗ്രാമയാത്ര’ എന്ന ഒരു ദിവസത്തെ പാക്കേജില്‍ മൂന്ന് പുഴകളിലൂടെയുള്ള യാത്ര, മല്‍സ്യബന്ധന രീതികളിലേക്കൊരു എത്തിനോട്ടം, പുഴ വിഭവാസ്വാദനം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
നാലാമത്തെ  പാക്കേജായ ‘ഇന്നലെകളിലെ ഗ്രാമം’ തേടിയുള്ള അര ദിന യാത്രയില്‍ തോണിയാത്ര, കയര്‍ ഉല്‍പാദനസംഘം സന്ദര്‍ശനം, തെങ്ങ് കയറ്റം, മീന്‍ പിടിത്തം, നാടന്‍ ഊണ്, മുറ്റത്തൊരു ഗോലികളിയും കുട്ടിയും കോലും എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇവ കൂടാതെ, ‘കണക്ടിങ് കള്‍ച്ചര്‍’ പാക്കേജില്‍ വയല്‍ വിനോദക്കാഴ്ചകള്‍, കൊടിനാട്ട് പെരുമ (കഥ പറയല്‍ ), സോഫ്റ്റ് ട്രക്കിങ്, ഗ്രാമീണ കൈവേലക്കാഴ്ചകള്‍, നാട്ടുകലകളുടെ നേരറിയാം, നെയ്ത്തുശാല, ശില്‍പകലാകാഴ്ചകള്‍, ചിത്രകലാകേന്ദ്രം തുടങ്ങിയവയും വിനോദസഞ്ചാരികള്‍ക്കുവേണ്ടി ഒരിക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ചുള്ള ജലായനം വെബ്‌സൈറ്റ് ഉദ്ഘാടനം ജില്ലാ കലക്ടര്‍ യു വി ജോസ് നിര്‍വഹിച്ചു.
ഉത്തരവാദിത്വ ടൂറിസം സംസ്ഥാന മിഷന്‍ കോ-ഓര്‍ഡനേറ്റര്‍ കെ രൂപേഷ് കുമാര്‍ ജലായനം പദ്ധതിയെപ്പറ്റി വിശദീകരിച്ചു.  കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ് കുമാര്‍, വൈസ് പ്രസിഡന്റ് എ പി ഹസീന, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി സംസാരിച്ചു.

RELATED STORIES

Share it
Top