വികസന പ്രവര്‍ത്തനങ്ങള്‍ സഫലമാക്കി പുറമേരി

പുറമേരി: വികസന പാതയില്‍ പുറമേരി ഗ്രാമപഞ്ചായത്ത് അതിവേഗം മുന്നേറുകയാണ്. വിവിധ പദ്ധതികളാണ് രണ്ട് വര്‍ഷത്തിനുളളില്‍ ഈ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയിട്ടുളളത്. സര്‍ക്കാറിന്റെ  നാല് മിഷനുകളില്‍ നാലിലും പുരോഗതി കൈവരിച്ച പഞ്ചായത്ത് കൂടിയാണ് പുറമേരി. ലൈഫ് പദ്ധതിയുടെ  ഭാഗമായി  42 വീടുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ആര്‍ദ്രം മിഷന്റെ ഭാഗമായി അരൂരിലുളള പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തി.
പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ലാബ്  സൗകര്യമുള്‍പ്പെടെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ  ഉദ്ഘാടനംഒക്‌ടോബര്‍ മാസത്തില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.  പെയിന്‍ ആന്റ് പാലിയേറ്റീവ് രംഗത്തും ഗൃഹസന്ദര്‍ശനം നടത്തി രോഗികളെ  പരിചരിച്ചുവരുന്നുണ്ട്. നിര്‍ധന രോഗികള്‍ക്കുളള ആശ്വാസത്തിന് വേണ്ടി  വര്‍ഷംതോറും  കടത്തനാട് ഫെസ്റ്റ്  നടത്തുന്നുണ്ട്. പൊതുവിദ്യാഭ്യാസരംഗത്ത് നല്ല പുരോഗതി കൈവരിക്കാന്‍  പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് കഴിഞ്ഞു. 22 എയ്ഡഡ് സ്‌കൂളുകളാണ് ഉളളത്.  കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനായി ക്യാംപയിനുകള്‍ നടത്തുന്നു.ഹരിതകേരളമിഷനുമായി ബന്ധപ്പെട്ട മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യപരിഗണനയാണ് പഞ്ചായത്ത് നല്കുന്നത്.
സമ്പൂര്‍ണ്ണ മാലിന്യപരിപാടിയായ സാനിറ്റേഷന്‍ ആന്റ്  വെയ്സ്റ്റ് ഏരിയ മാനേജ്‌മെന്റ് നാലാം ഘട്ടത്തിലെത്തികഴിഞ്ഞു. പ്ലാസ്റ്റിക്ക് , ഇലക്‌ട്രോണിക്‌സ് എന്നീ ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി പരിപാലിച്ച്  മാലിന്യപ്രശ്‌നം ശാശ്വതമായി  പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
35 വീടുകള്‍ക്ക്  ഒരു വളണ്ടിയര്‍ എന്ന തോതില്‍ ഗ്രാമപഞ്ചായത്തില്‍ ഇരുനൂറ് അംഗഹരിതകര്‍മ്മസേന ആരോഗ്യശുചിത്വ ജാഗ്രത, പ്രവര്‍ത്തനം നടത്തിവരികയാണ്. ആരോഗ്യ ശുചിത്വ  മേഖലയില്‍ സമ്പൂര്‍ണ്ണ ഇടപെടല്‍   ലക്ഷ്യമായിട്ടുളള  ജാഗ്രതോത്സവം പരിപാടിയും പഞ്ചായത്തില്‍ നടക്കുന്നു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കുടുംബശ്രീ, യുവജനക്ലബ്ബുകള്‍, ആരോഗ്യസേന എന്നിവയെല്ലാം കൂട്ടിയോജിപ്പിച്ചുളള വിപുലമായ ബോധവല്‍ക്കരണ  പ്രചരണപ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവിഭാഗവും   മുന്‍കൈയ്യെടുത്ത് നടത്തുന്നു. കൊതുക്ജന്യ രോഗങ്ങള്‍ തടയുന്നതിനായി ,ഉറവിട  നശീകരണത്തിന്   റിംഗ് കമ്പോസ്റ്റ് , ബിന്‍ കമ്പോസ്റ്റ് തുടങ്ങിയ പദ്ധതികളും വീടുകളില്‍ ആരംഭിച്ചുകഴിഞ്ഞു. കടകളില്‍ നിന്നും കര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് വേസ്റ്റുകള്‍ തരം തിരിക്കാന്‍ ഒരേക്കര്‍ സ്ഥലം  പഞ്ചായത്തിനുണ്ട്. കലവറ  എന്ന പേരില്‍  ജൈവപച്ചക്കറി ഷോപ്പ്  ശ്രദ്ധേയമായ രീതിയില്‍ ഒരു വര്‍ഷമായി നടത്തിവരുന്നു. അതിന്റെ ഒരു ശാഖ  പുറമേരിയിലും പ്രവര്‍ത്തിക്കുന്നു. വിഷരഹിത പച്ചക്കറി നല്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്ത് തലത്തില്‍  പച്ചക്കറി കൃഷിയും , നെല്‍കൃഷിയും  വ്യാപിപ്പിച്ചു. പാലുല്പാദനരംഗം  പ്രോത്സാഹിപ്പിക്കുന്നതിന്  വേണ്ടി  കറവപശു വിതരണവും  കന്നുകുട്ടികള്‍  വിതരണവും നടത്തിയിട്ടുണ്ട്. അരൂരില്‍ ആഴ്ചചന്ത നടത്തിവരുന്നു. ജൈവകാര്‍ഷിക  ഉല്പന്നങ്ങളുടെ വിപുലമായ ശേഖരമൊരുക്കി  നാട്ടിലെ കര്‍ഷകര്‍ക്ക്  പ്രോത്സാഹനവും , പ്രചോദനവും  നല്കാനാണ്  പഞ്ചായത്ത്  ശ്രമിക്കുന്നത്.  കുടുംബശ്രീ ഉല്പന്നങ്ങളുടെ  വിപുലമായ വിപണനമേളയാണ്  ചന്തയിലുളളത്.പഞ്ചായത്തില്‍ 10 കോടിയുടെ  ജലനിധി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക്  ശുദ്ധജലം  എത്തിക്കുന്നതിന്  വേണ്ടിയാണ്  പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുളളത്. റോഡുകളുടെ വികസനത്തിനായി പഞ്ചായത്തും ജില്ലാപഞ്ചായത്തും സംയുക്തമായിട്ടാണ്  പണം ചെലവഴിക്കുന്നത്. മുട്ടഗ്രാം പദ്ധതിയില്‍ പഞ്ചായത്തില്‍ നാടന്‍ മുട്ടക്കോഴി  വിതരണം രണ്ട് വര്‍ഷമായി വിജയകരമായി നടത്തുന്നു.

RELATED STORIES

Share it
Top