വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാനും വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാനും രണ്ടുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  2011-16 കാലഘട്ടത്തിലുണ്ടായിരുന്ന അപമാനകരമായിരുന്ന അന്തരീക്ഷം മാറ്റി പുതിയ രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. അഴിമതി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വിജയം നേടി. ഉയര്‍ന്ന തലങ്ങളില്‍ അഴിമതി തീര്‍ത്തും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം പ്രമാണിച്ച് മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.   ഭരണനടപടികളുടെ വേഗം ഇനിയും കൂട്ടണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പശ്ചാത്തല വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെയധികം മുന്നോട്ടുപോയി. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്ന പ്രവൃത്തി ജനങ്ങളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്.
സ്ഥലമെടുക്കുന്നതിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടതാണ്. നിശ്ചിത സമയത്ത് തന്നെ ദേശീയപാത വികസനം പൂര്‍ത്തിയാക്കാന്‍ കഴിയും. ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാവും. കൂടംകുളത്ത് നിന്ന് വൈദ്യുതി എത്തിക്കുന്ന കാര്യത്തിലും പുരോഗതിയുണ്ട്. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സമഗ്രവികസനം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് നാല് മിഷനുകള്‍ രൂപീകരിച്ചത്. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മുന്നേറ്റമുണ്ടാക്കാനും എല്ലാ പൊതുവിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കാനും ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷന്‍ രൂപീകരിച്ചത്.
ആര്‍ദ്രം മിഷനിലൂടെ ആരോഗ്യമേഖലയില്‍ കുടുംബ ഡോക്ടറെന്ന സങ്കല്‍പം യാഥാര്‍ഥ്യമാവുകയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറുന്നു.  വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കുന്നതിനാണ് ലൈഫ് മിഷന്‍ രൂപീകരിച്ചത്. അഞ്ചുലക്ഷം വീടുകളാണ് ഈ പദ്ധതിയിലൂടെ പണിയുന്നത്.   ക്രമസമാധാനനില മെച്ചപ്പെടുത്താനും കുറ്റാന്വേഷണം കാര്യക്ഷമമാക്കാനുമായി.
രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനമുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനുമായാണ് യോഗം ചേര്‍ന്നത്. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലാണ് രാവിലെ പത്രമാധ്യമങ്ങളിലെ എഡിറ്റര്‍മാരുമായും, ഉച്ചകഴിഞ്ഞ് ദൃശ്യമാധ്യമ എഡിറ്റര്‍മാരുമായും ആശയവിനിമയം നടത്തിയത്.

RELATED STORIES

Share it
Top