വികസനത്തില്‍ ഇടപെടുന്നത് കക്ഷിരാഷ്ട്രീയം ഇല്ലാതെ: മന്ത്രി

മാള: പുത്തന്‍വേലിക്കര വലിയ പഴം പള്ളിത്തുരുത്ത് പാലം പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ചുറ്റുവട്ടവും പുഴകളാല്‍ ഒറ്റപ്പെട്ടു കിടന്ന പുത്തന്‍വേലിക്കരയ്ക്ക് പുത്തനുണര്‍വു നല്‍കുന്നതാണ് ഇരുപത് കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച പാലം. ഇതോടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ ഏഴാമത്തെ പാലമാണ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്.
പാലത്തിന്റെ നിര്‍മ്മാണഘട്ടം മുതല്‍ തടസങ്ങള്‍ ഉണ്ടായെങ്കിലും വകുപ്പിന് അധിക ചെലവ് വരുത്താതെയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 23 കോടി രൂപയാണ് പാലം നിര്‍മ്മാണത്തിന് അടങ്കല്‍ തുക പ്രഖ്യാപിച്ചത്. 20 കോടി രൂപയ്ക്ക് നിര്‍മാണം പൂര്‍ത്തീകരിച്ചു. ജില്ലയില്‍ ഏഴാമത്തെ പാലമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വൈറ്റിലയിലെ ഫ്‌ളൈ ഓവറുകളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. നാടിന്റെ വികസന കാര്യത്തില്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്.  റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ 47മത്തെ പാലമാണ് പൂര്‍ത്തിയായിരിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ 48 പാലങ്ങ ള്‍ കൂടി നിര്‍മ്മാണം തുടങ്ങാനും പൂര്‍ത്തീകരിക്കാനുമുണ്ട്. നാലു മാസം കൂടുമ്പോള്‍ എഞ്ചിനീയര്‍മാര്‍ പാലം പരിശോധിക്കണമെന്ന് മാനുവലില്‍ പറയുന്നു. ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. സംസ്ഥാനത്തുള്ള 3000 പാലങ്ങളില്‍ 346 എണ്ണം അടിയന്തിരമായി പുനര്‍നിര്‍മ്മിക്കേണ്ടതാണ്. ബ്രിഡ്ജസ് ആന്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ കൂടുതല്‍ വിപുലീകരിച്ച് വലിയ മുന്നേറ്റമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവേകചന്ദ്രിക സഭ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ വി ഡി സതീശന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലയുടെ തെക്കേയറ്റത്തെയും എറണാകുളം ജില്ലയുടെ വടക്കേയറ്റത്തുമായുള്ള പഞ്ചായത്തായ പുത്തന്‍വേലിക്കരയ്ക്ക് പുതുജീവന്‍ നല്‍കുന്നതാണ് സ്‌റ്റേഷന്‍ കടവ്  വലിയപഴം പള്ളി തുരുത്ത്പാലം. പുത്തന്‍വേലിക്കരയില്‍ നിന്നും ജില്ലാ ആസ്ഥാനമായ എറണാകുളത്തേക്കും താലൂക്ക് ആസ്ഥാനമായ പറവൂരിനും ഇനി ചുറ്റിക്കറങ്ങാതെ എളുപ്പത്തില്‍ എത്തിപ്പെടാം.  പാലത്തിലൂടെ കടന്നാല്‍ ചേന്ദമംഗലം വഴി പത്തു മിനിറ്റുകൊണ്ട് പറവൂരെത്താം.മാള,കുഴൂര്‍, പൊയ്യ, പാറക്കടവ്, അന്നമനട തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും പറവൂര്‍, വൈപ്പിന്‍, ചെറായി തുടങ്ങി നിരവധിയിടങ്ങളിലേക്കും തിരിച്ചുമുള്ള എളുപ്പ വഴിയാണിത്. സ്‌റ്റേഷന്‍കടവിലെ വിവേകചന്ദ്രിക സഭ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പറവൂരില്‍ നിന്നും ചേന്ദമംഗലത്തു നിന്നും വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കും.
പറവൂരില്‍ നിന്നും ചാലക്കുടിയിലേക്കും മാളയിലേക്കും ഹൈവേയില്‍ കയറാതെ എളുപ്പത്തില്‍ എത്താനും സാധിക്കും. അങ്കമാലിയും ആലുവയും ഒഴിവാക്കി യാത്ര ചെയ്യാം. പറവൂരില്‍ നിന്നും രണ്ട് മണിക്കൂര്‍ കൊണ്ടാണ് ജനങ്ങള്‍ ചാലക്കുടിയിലെത്തിയിരുന്നത്. സ്‌റ്റേഷന്‍കടവ് പാലത്തിലൂടെയാണെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് സ്ഥലത്തെത്താം. വലിയപഴംപിള്ളി തുരുത്തിലുള്ള ചെറിയ പാലവും റോഡും കൂടി വീതികൂട്ടി പുതുക്കി പണിയുന്നതോടെ വികസനക്കുതിപ്പിന് ആക്കം കൂടും. മാളവനയിലും കൊച്ചുകടവിലും കൂടി പാലങ്ങളനുവദിച്ചാല്‍ നിലവിലുള്ള ദൂരദിക്കുകള്‍ തമ്മിലുള്ള അകലം വളരെയേറെ കുറയും.

RELATED STORIES

Share it
Top