വികസനത്തിലെ ചതിക്കുഴികള്‍

അവകാശങ്ങള്‍ നിഷേധങ്ങള്‍ - ബാബുരാജ് ബി എസ്

ഇത് നായ്ക്കളുടെ ചതിക്കുഴിയാണ്. നായ്ക്കള്‍ ഡിവൈഡറിന് ഇരുവശവുമുള്ള വണ്‍വേയിലൂടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കും. പാതിദൂരം എത്തുമ്പോഴേക്കും അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റും. അവ തിരിച്ചുപോരും. വരവ് മരണത്തിലേക്കാണ്- കുത്തിയതോട് ആലുവ-ചേര്‍ത്തല ഹൈവേയില്‍ പെട്ടിക്കട നടത്തുന്ന നൗഷാദാണ് അതു പറഞ്ഞത്. 90കളുടെ അവസാനം ഞാനും സുഹൃത്തും നൗഷാദിന്റെ പെട്ടിക്കടയിലെ സ്ഥിരക്കാരായിരുന്നു. ആ ദിവസങ്ങളിലൊരിക്കലാണ് നൗഷാദ് ഇതു പറഞ്ഞത്.
കേരളത്തിലെ ആദ്യ നാലുവരിപ്പാതയാണ് ആലുവ-ചേര്‍ത്തല റോഡ്. ഇന്ന് ലുലു മാള്‍ ഇരിക്കുന്ന ചതുപ്പിലാണ് കരാറുകാരായ ഭഗീരഥ കണ്‍സ്ട്രക്ഷന്‍സ് മിക്‌സിങ് പ്ലാന്റ് സ്ഥാപിച്ചിരുന്നത്. തലങ്ങും വിലങ്ങും പായുന്ന വിചിത്രമായ ഉപകരണങ്ങള്‍ കൊച്ചിക്കാരുടെ ഭാവനയെ കടത്തിവെട്ടി. സാധാരണ റോഡിനേക്കാള്‍ വീതിയിലാണ് ഓരോ വണ്‍വേയും. അവരും സന്തോഷിച്ചിരിക്കണം. പക്ഷേ, റോഡ് വന്നതോടെ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. അതിന്റെ ആദ്യ ഇര തെരുവുനായ്ക്കളായിരുന്നു.
കുത്തിയതോട്ടില്‍ നായ്ക്കളാണെങ്കില്‍ കൊടുങ്ങല്ലൂരിലെ നാലുവരിപ്പാതയില്‍ മനുഷ്യരുടെ ഊഴമായിരുന്നു. ഇടപ്പള്ളി-മംഗലാപുരം റൂട്ടില്‍ ദേശീയപാത അതോറിറ്റിയുടെ പുതിയ റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് ചന്തപ്പുര മുതല്‍ കോട്ടപ്പുറം പാലം വരെയുള്ള ഏകദേശം മൂന്നര കിലോമീറ്റര്‍ ബൈപാസ് നിര്‍മിച്ചത്. ദേശീയപാത വികസനം വിവാദങ്ങളില്‍ സ്തംഭിച്ചുപോയെങ്കിലും സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി എന്ന നിലയില്‍ ചന്തപ്പുര-കോട്ടപ്പുറം ബൈപാസ് വേഗത്തില്‍ തന്നെ പണിതീര്‍ത്ത് 2014 സപ്തംബറില്‍ ഗതാഗതത്തിനു തുറന്നുകൊടുത്തു.
ഉദ്ഘാടനദിവസം തന്നെ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി ടി കെ തിലകന്‍ ടികെഎസ് പുരം സിഗ്‌നലില്‍ വണ്ടിയിടിച്ചു മരിച്ചു. ആദ്യ ആഴ്ച പൂര്‍ത്തിയാവും മുമ്പ് വീണ്ടും അപകടങ്ങളുണ്ടായി. ഉദ്ഘാടനം കഴിഞ്ഞ് 15 മാസം പിന്നിട്ടതോടെ 15 പേര്‍ അവിടെ വണ്ടിയിടിച്ചു മരിച്ചു. പരിക്കേറ്റവര്‍ അതിനേക്കാള്‍ എത്രയോ അധികം. മരിച്ചവരില്‍ അധികവും കൊടുങ്ങല്ലൂര്‍ക്കാര്‍ തന്നെ.
അക്കാലത്ത് എംഎല്‍എ ടി എന്‍ പ്രതാപന്റെ തിടുക്കമാണ് അപകടത്തിനു വഴിവച്ചതെന്നായിരുന്നു ആദ്യ നിഗമനം. തന്റെ ഭരണനേട്ടം പെരുപ്പിച്ചുകാട്ടാന്‍ ആവശ്യത്തില്‍ കൂടുതല്‍ തിടുക്കം അദ്ദേഹം കാണിച്ചു. തെരുവുവിളക്കുകള്‍ സ്ഥാപിക്കാനോ സിഗ്‌നല്‍ സംവിധാനം കാര്യക്ഷമമാക്കാനോ നില്‍ക്കാതെ റോഡിന്റെ ഉദ്ഘാടനം നടന്നു. കുറച്ചുകൂടി സൗകര്യങ്ങള്‍ വന്നിട്ടും മരണസംഖ്യ ഉയരാന്‍ തുടങ്ങിയതോടെ കാര്യം പന്തിയല്ലെന്ന് ജില്ലാ ഭരണകൂടത്തിനും തോന്നാന്‍ തുടങ്ങി. അന്നത്തെ കലക്ടര്‍ ബൈപാസ് സന്ദര്‍ശിച്ച് സര്‍വീസ് റോഡുകളില്‍ ആറുമാസത്തേക്ക് ഹമ്പുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഹൈമാസ്റ്റ് ലൈറ്റുകളും നിര്‍ദേശിക്കപ്പെട്ടു.
പക്ഷേ, മരണനിരക്ക് എന്നിട്ടും കുറഞ്ഞില്ല. ജനങ്ങളും രാഷ്ട്രീയനേതൃത്വവും ജാഗ്രതയോടെ ആലോചന തുടങ്ങി. മൂന്നര കിലോമീറ്റര്‍ റോഡില്‍ നാലും അഞ്ചും ട്രാഫിക് ജങ്ഷനുകളും സിഗ്‌നല്‍ സംവിധാനവുമുണ്ട്. ഓരോ ജങ്ഷനിലേക്കും ഇരുപുറത്തുനിന്നും നിരവധി ചെറുറോഡുകള്‍. റോഡിന് സമാന്തരമായി സര്‍വീസ് റോഡുകളും. സര്‍വീസ്-പോക്കറ്റ് റോഡുകളില്‍ നിന്ന് കയറിവരുമ്പോഴാണ് അപകടം നടക്കുന്നത്. ഒരു സിഗ്‌നലില്‍ വന്നുമുട്ടുന്ന റോഡുകളുടെ എണ്ണം തലതരിപ്പിക്കുംവിധം അധികം. റോഡുകളുടെ എണ്ണം കൂടുംതോറും സിഗ്‌നലിന്റെ എണ്ണവും കൂടുമല്ലോ. അതോടെ യാത്രക്കാര്‍ക്കു സംശയമായി. ഏത് സിഗ്‌നലാണ് തങ്ങള്‍ക്കു ബാധകമാവുന്നത്? ഫലം കൂട്ടിടികളുടെ എണ്ണം കൂടി. അതിനിടയില്‍ മറ്റൊരു വാദം ഉയര്‍ന്നു. സിഗ്‌നലുകളില്‍ ടൈമര്‍ ഇല്ലാത്തതാണു പ്രശ്‌നം. പിഡബ്ല്യൂഡി ടൈമറുകള്‍ പിടിപ്പിച്ചു. അത് പുതിയതരം അപകടങ്ങള്‍ക്കു കാരണമായി. അപകടങ്ങളെക്കുറിച്ചു പഠിക്കാന്‍ പലതരം ഏജന്‍സികള്‍ പലതവണ സന്ദര്‍ശിച്ചു. പല പരീക്ഷണങ്ങളും നടത്തി. ജങ്ഷനുകളില്‍ പോലിസിനെ വിന്യസിച്ചു. മണല്‍ച്ചാക്ക് വച്ച് റൗണ്ട് എബൗട്ട് നിര്‍മിച്ചു. ഒന്നും ഫലപ്രദമായില്ല. കഴിഞ്ഞ ദിവസവും ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കുമേറ്റു. 3.58 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ 2014നു ശേഷം 30ഓളം മരണങ്ങളും 400ഓളം അപകടങ്ങളും. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ നടത്തിയ ഒരു നീക്കവും ഇന്നോളം വിജയിച്ചിട്ടില്ല.
ബൈപാസ് നിര്‍മിക്കുമ്പോള്‍ തന്നെ എലിവേറ്റഡ് ഹൈവേയായിരിക്കണം വരേണ്ടതെന്ന വാദം നാട്ടുകാര്‍ ഉയര്‍ത്തിയിരുന്നു. കേന്ദ്ര വാര്‍ഷിക പദ്ധതിയിലേക്ക് അങ്ങനെയൊന്ന് നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചു. അത് ഇനിയും കേന്ദ്രത്തിലേക്ക് അയച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജനവാസകേന്ദ്രങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന ഹൈവേകള്‍ തദ്ദേശവാസികള്‍ക്ക് ഉണ്ടാക്കുന്ന ദുരിതങ്ങള്‍ക്ക് ഒരു ഉദാഹരണമാണ് കൊടുങ്ങല്ലൂരിലേത്. ി

RELATED STORIES

Share it
Top