വികസനത്തിന്റെ പേരില്‍ ബലിയാടാകുന്നവരോട് അനുഭാവ മനോഭാവം വേണം: എ കെ ആന്റണി

കൊച്ചി: നാട്ടില്‍ ആവശ്യമായി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി വിട്ടുനല്‍കുന്നവരോട് സര്‍ക്കാര്‍ അനുഭാവ മനോഭാവം പുലര്‍ത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ കെ ആന്റണി. വികസനത്തിന് ആവശ്യമായ ഭൂമിയുടെ അളവ് ഇന്ന് ഏറെ കുറവാണ്. വികസനം നാടിന് അത്യന്താപേക്ഷിതമാണെന്നിരിക്കെ ഭൂമി വിട്ടുനല്‍കുന്നവരോട് അനുകമ്പയോടും അനുഭാവത്തോടും പെരുമാറണമെന്നും എ കെ ആന്റണി പറഞ്ഞു. എറണാകുളം ആശിര്‍ഭവനില്‍ ഫാ. ജോര്‍ജ് വെളിപ്പറമ്പില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഫാ. ജോര്‍ജ് വെളിപ്പറമ്പിലിന്റെ ആത്മകഥ 'ആത്മയാനം' ഷെവലിയാര്‍ പ്രഫ. എബ്രഹാം അറയ്ക്കലിന് നല്‍കി ആന്റണി പ്രകാശനം ചെയ്തു.
തീരദേശ പരിപാലന നിയമം ലഘൂകരിച്ചപ്പോള്‍ അധികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്്. നിയമം ലഘൂകരിച്ച് പുതിയ ഡ്രാഫ്റ്റ് വന്നതോടെ നിയമത്തിന്റെ മറവില്‍ തീരദേശത്തെ കൈയേറ്റങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം ഒഴിവാക്കുവാന്‍ സര്‍ക്കാരും മറ്റ് രാഷ്ട്രിയപാര്‍ട്ടികളും ജാഗ്രത പുലര്‍ത്തണമെന്നും ആന്റണി അഭിപ്രായപ്പെട്ടു.
കേരള ടൈംസിന്റെ തലപ്പത്ത് ഇരുന്നപ്പോള്‍ മുതല്‍ ഫാ. ജോര്‍ജ് വെളിപ്പറമ്പിലിനെ അറിയാം. തീരദേശമേഖലയ്ക്ക് വേണ്ടി നിരന്തരമായി തൂലിക പടവാളാക്കിയ ആളായിരുന്നു അദ്ദേഹമെന്നും ആന്റണി പറഞ്ഞു. ചടങ്ങില്‍ ഫാ. ജോര്‍ജ് വെളിപ്പറമ്പിലിന്റെ ആത്മകഥ 'ആത്മയാനം' ഷെവലിയാര്‍ പ്രഫ. എബ്രഹാം അറയ്ക്കലിന് നല്‍കി ആന്റണി പ്രകാശനം ചെയ്തു. ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top