വികസനം നാടയില്‍ കുരുങ്ങി കായംകുളം താലൂക്ക് ആശുപത്രി

കായംകുളം: നഗരത്തിലെ സാധാരണക്കാരായ സ്ത്രീകളും കുട്ടികളും ആശ്രയിക്കുന്ന  ഏക സര്‍ക്കാര്‍ ആശുപത്രിയായ കായംകുളം താലൂക്ക് ആശുപത്രി വികസനം ചുവപ്പുനാടയിലൊതുങ്ങുന്നു. ചികില്‍സക്കായി എത്തുന്ന രോഗികള്‍ക്ക് ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാവുന്നില്ലെന്നാണ് പരാതിയുയര്‍ന്നിട്ടുള്ളത്.
നാളുകളേറെയായി കടലാസുകളിലെ വികസന സ്വപ്‌നങ്ങളില്‍ കുരുങ്ങികിടക്കുകയാണ് ആശുപത്രി. താലൂക്കാശുപത്രി എന്ന പദവിയിലേക്ക് പേര് കൊണ്ട് മാത്രമാണ് ആശുപത്രി ഉയര്‍ത്തപ്പെട്ടിട്ടുള്ളത്. ഡോക്ടര്‍മാരുടേയും മറ്റു ജീവനക്കാരുടേയും അഭാവവും ഇവിടെയെത്തുന്ന രോഗികളെ അലട്ടുന്നുണ്ട്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ വട്ടപ്പൂജ്യമാണ് ആശുപത്രി. കിടപ്പു ചികില്‍സക്കാരായ സ്ത്രീകളുടെ വാര്‍ഡുകള്‍ ഏതു സമയവും പുരുഷന്‍മാര്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലാണുള്ളത്.
രോഗികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കേണ്ട ശൗചാലയങ്ങള്‍ക്ക് അടച്ചുറപ്പില്ല. ഒരു സ്ത്രീക്ക് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ശൗചാലയത്തില്‍ കയറിയാല്‍ ഭയമില്ലാതെ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെങ്കില്‍ വാതിലില്‍ ഒരു സഹായിയെ നിര്‍ത്തേണ്ടതായിട്ടുണ്ടെന്നു രോഗികള്‍ പറയുന്നു. മാത്രമല്ല ശൗചാലയങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലുമാണുള്ളത്.
രാത്രി കാലങ്ങളില്‍ ആശുപത്രി പരിസരത്ത് സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്. ഇവയെല്ലാം ചൂണ്ടിക്കാണിച്ച് ആശുപത്രി സൂപ്രണ്ടിനും കായംകുളം എംഎല്‍എക്കും നഗരസഭാ ചെയര്‍മാനും കായംകുളം ഡിവൈഎസ്പിക്കും രേഖാമൂലം പരാതി നല്‍കിയതായി ജില്ലാപഞ്ചായത്തംഗം അരിത ബാബു അറിയിച്ചു.

RELATED STORIES

Share it
Top