വിഎച്ച്പി നേതാക്കള്‍ക്കെതിരായ പരാതി പോലിസ് മുക്കി

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാ ന്‍ എത്തിയ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബിജുവിനെയും മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെയും മണിക്കൂറുകളോളം ക്ഷേത്രത്തിനകത്തു തടഞ്ഞു വച്ച് കൈയേറ്റം ചെയ്തതു സംബന്ധിച്ച പരാതി പോലിസ് മുക്കി. ക്ഷേത്ര നടത്തിപ്പില്‍ വ്യാപകമായ ക്രമക്കേടിനെ തുടര്‍ന്നു സ്വകാര്യവ്യക്തികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തി ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണു കഴിഞ്ഞ സപ്തംബറില്‍ ക്ഷേത്രം എറ്റെടുക്കാനെത്തിയത്.

എന്നാല്‍ വിഎച്ച്പി, ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും അടങ്ങിയ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സംഘം കോടതിവിധി നടപ്പാക്കാനെത്തിയ റിസീവറെയും സംഘത്തെയും ക്ഷേത്രത്തിനകത്തു തടഞ്ഞു വച്ച് കൈയേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്നു ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിച്ചില്ല. തൃശൂര്‍ എസ് പി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തി ല്‍ വലിയൊരു സംഘം പോലിസ് ക്ഷേത്രപരിസരത്ത് ഉണ്ടായിട്ടും വിരലിലെണ്ണാവുന്ന വിഎച്ച്പി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിയമം കൈയിലെടുക്കുകയായിരുന്നു. പിന്നീട് മര്‍ദനം സംബന്ധിച്ചും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതു സംബന്ധിച്ചും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബിജു ഔദ്യോഗികമായി പോലിസിന് പരാതി നല്‍കി. കര്‍ശന നടപടി സ്വീകരിക്കാമെന്ന് എസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു. വിവരാവകാശ പ്രവര്‍ത്തകന്‍ നാസിം പുളിക്കല്‍ തൃശൂര്‍ എസ്പി ഓഫിസില്‍ നല്‍കിയ വിവരാവകാശത്തിനുള്ള മറുപടിയിലാണ് അത്തരം ഒരു പരാതി ലഭിക്കുകയോ, തുടര്‍ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ലെന്നു പോലിസ് രേഖാമൂലം വിശദീകരണം നല്‍കിയത്. ആര്‍എസ്എസ്-വിഎച്ച്പി നേതൃത്വത്തെ പ്രീതിപ്പെടുത്താനായി പരാതി പോലിസ് മുക്കി യെന്നാണു വ്യക്തമായത്. ക്ഷേത്രനടത്തിപ്പ് ഏറ്റെടുക്കാനെത്തിയ ദേവസ്വം ഉദ്യോഗസ്ഥരെ ആര്‍എസ്എസ്-വിഎച്ച്പി നേതൃത്വത്തില്‍ തടഞ്ഞു മര്‍ദിച്ചതും ദേവസ്വം ഉദ്യോഗസ്ഥര്‍ അതിനെതിരേ പരാതി നല്‍കിയതും ദേശീയ മാധ്യമങ്ങള്‍ അടക്കം റിപോര്‍ട്ട് ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവു നടപ്പാക്കാന്‍ സര്‍ക്കാരിനു കോടതി അന്ത്യശാസനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബര്‍ 6നു രാവിലെ കനത്ത പോലിസ് കാവലില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥ സംഘം ക്ഷേത്രഭരണം ഏറ്റെടുത്തു. 30 വനിതാ പോലിസുകാരടക്കം 300ഓളം പോലിസുകാരുടെ കനത്ത സുരക്ഷാവലയത്തോടെ എത്തിയാണ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടി സി ബിജുവിന്റെ നേതൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ചുമതല ഏറ്റെടുത്തത്. ഗുരുവായൂര്‍ അസി. പോലിസ് കമ്മീഷണര്‍ പി എ ശിവദാസിന്റെ നേതൃത്വത്തി ല്‍ വന്‍ പോലിസ് സംഘം സ്ഥലത്തുണ്ടായിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടായാല്‍  നേരിടാന്‍ ജലപീരങ്കി, ഗ്രനേഡ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

RELATED STORIES

Share it
Top