വിംബിള്‍ഡണ്‍: സെറീന - കെര്‍ബര്‍ ഫൈനല്‍ലണ്ടന്‍: സീസണിലെ വിംബിള്‍ഡണ്‍ ഓപണിന്റെ വനിതാ ഫൈനലില്‍ ഏഴ് തവണ കിരീടം ചൂടിയ യുഎസ്എയുടെ സെറീന വില്യംസും 2016ലെ ഫൈനലിസ്റ്റ് ആഞ്ചലിക് കെര്‍ബറും തമ്മില്‍ മാറ്റുരയ്ക്കും. അതേസമയം, സീസണിലെ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ മുന്‍ ലോക വിംബിള്‍ഡണ്‍ ചാംപ്യന്‍മാരായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും സ്‌പെയിനിന്റെ റാഫേല്‍ നദാലും സെമിയില്‍ മുഖാമുഖമെത്തുന്നു. മറ്റൊരു സെമിയില്‍ ജോണ്‍ ഇസ്‌നറും കെവിന്‍ ആന്‍ഡേഴ്‌സനും തമ്മില്‍ പോരടിക്കും. സെമിയില്‍ ലാത്വിയയുടെ ലോക 12ാം നമ്പര്‍ താരം യെലേന ഒസ്റ്റപെങ്കോയെയാണ് 10ാം നമ്പര്‍ താരമായ കെര്‍ബര്‍ തോല്‍പിച്ചത്. സ്‌കോര്‍ 6-3, 6-3. എന്നാല്‍ 13ാം സീഡ് ജര്‍മനിയുടെ ജൂലിയ ജോര്‍ജസിനെയാണ് ടൂര്‍ണമെന്റിലെ 25ാം സീഡായ സെറീന മുട്ടുകുത്തിച്ചത്. സ്‌കോര്‍ 6-2,6-4.നേരത്തേ, പുരുഷ സിംഗിള്‍സില്‍ മികച്ച പോരാട്ടം കണ്ട റാഫേല്‍ നദാല്‍- ഡെല്‍ പോട്രോ ക്വാര്‍ട്ടറില്‍ നിര്‍ണായകമായ അവസാന സെറ്റ് സ്വന്തമാക്കിയാണ് നിലവിലെ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ സെമിയില്‍ കുതിച്ചത്. സ്‌കോര്‍ 7-5, 6-7, 4-6, 6-4, 6-4. നാലു മണിക്കൂറും 52 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ ലോക നാലാം നമ്പര്‍ താരമായ ഡെല്‍ പോട്രോയെ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തിയത്. മറ്റൊരു മല്‍സരത്തില്‍ 32ാം നമ്പര്‍ താരം കാനഡയുടെ മിലോണ്‍ റാവോണിക്കിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക 10ാം നമ്പര്‍ താരം യുഎസ്എയുടെ ജോണ്‍ ഇസ്‌നറും സെമിയില്‍ കടന്നത്. സ്‌കോര്‍ 6-7,7-6,6-4,6-3.

RELATED STORIES

Share it
Top