വിംബിള്‍ഡണ്‍: ഷറപ്പോവ ആദ്യ റൗണ്ടില്‍ പുറത്ത്


ലണ്ടന്‍: സീസണിലെ വിംബിള്‍ഡണ്‍ കിരീടം ചൂടാമെന്ന റഷ്യയുടെ മുന്‍ ലോക സൂപ്പര്‍ താരം ഷറപ്പോവയുടെ മോഹങ്ങള്‍ക്ക് അസ്തമയം കുറിച്ച് യോഗ്യതാ മല്‍സരം കളിച്ചെത്തിയ മറ്റൊരു നാട്ടുകാരി വിറ്റാലിയ ദിയാചെങ്കോ. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് നിലവിലെ 22ാം നമ്പര്‍ താരമായ ഷറപ്പോവ 132ാം നമ്പര്‍ താരമായ ദിയാചെങ്കോയോട് അട്ടിമറി നേരിട്ടത്. സ്‌കോര്‍ 7-6,6-7,4-6. കൂടാതെ ലോക ഏഴാം നമ്പര്‍ താരമായ ക്വിറ്റോവയ്ക്കും അട്ടിമറി പിണഞ്ഞു.
വനിതകളില്‍ വീനസ് വില്യംസും കരാളിന പ്ലിസ്‌കോവയും മാഡിസന്‍ കീസും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മുന്‍ സൂപ്പര്‍ താരം ബലാറസിന്റെ വിക്‌റ്റോറിയ അസരങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് പ്ലിസ്‌കോവ മൂന്നാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍ 6-3,6-3. എന്നാല്‍ അലക്‌സാണ്ട്ര ദുല്‍ഗെരുവിനെയാണ് ഒമ്പതാം നമ്പര്‍ താരമായ വീനസ് വില്യംസ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 4-6,6-0,6-1.
അതേസമയം, പുരുഷ സിംഗിള്‍സില്‍ ലോക ഒമ്പതാം നമ്പര്‍ താരം ഡേവിഡ് ഗോഫിനും 15ാം നമ്പര്‍ താരം ജാക്ക് സോക്കും രണ്ടാം റൗണ്ട് കാണാതെ പുറത്തായപ്പോള്‍ മുന്‍ ലോക സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍ കടന്നു. ലോക 21ാം നമ്പര്‍ താരം ടെന്നിസ് സാന്റ്‌ഗ്രെനെയാണ് നിലവിലെ 21ാം നമ്പര്‍ താരമായ ജോക്കോവിച്ച് തോല്‍പിച്ചത്. സ്‌കോര്‍ 6-3,6-1,6-2. എന്നാല്‍ ലോക 51ാം നമ്പര്‍ താരം മാത്യു എബ്ഡന്‍ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് മുട്ടുകുത്തിക്കുകയായികുന്നു. സ്‌കോര്‍ 6-4, 6-3,6-4.  മല്‍സരത്തിടെ പരിക്കേറ്റതോടെ നിലവിലെ ഫ്രഞ്ച് ഓപണ്‍ ഫൈനലിസ്റ്റും ഏഴാം നമ്പര്‍ താരവുമായ ഡൊമിനിക്ക് തീം ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി.
വനിതാ സിംഗിള്‍സില്‍ ഫ്രഞ്ച് ഓപണ്‍ കിരീട ജേത്രിയും ആസ്‌ത്രേലിയന്‍ ഓപണ്‍ റണ്ണേഴ്‌സ് അപ്പുമായ സിമോണ ഹാലെപ് രണ്ടാം റൗണ്ടില്‍ കടന്നു. നിലവിലെ ഒന്നാം നമ്പര്‍ താരമായ ഹാലെപ് ജപ്പാന്റെ കുറുമി നാറയെയാണ് തോല്‍പിച്ചത്. സ്‌കോര്‍ 6-2,6-4. മറ്റൊരു മല്‍സരത്തില്‍ ലോക 12ാം നമ്പര്‍ താരം യെലേന ഒസ്റ്റപെങ്കോ ബ്രിട്ടന്റെ കാറ്റി ഡ്യൂണിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ചു. അതേസമയം, മറ്റൊരു സൂപ്പര്‍ താരം പെട്രോ ക്വിറ്റോവയ്ക്ക് അട്ടിമറി പിണഞ്ഞു. ക്വിറ്റോവയെ ലോക 50ാം നമ്പര്‍ താരമായ അലിക്‌സാണ്ട്ര സാസ്‌നോവിച്ചാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4,4-6,6-0.

RELATED STORIES

Share it
Top