വാഹന പരിശോധനയില്‍ ഡിജിറ്റല്‍ രേഖകള്‍ മതിയാവും

തിരുവനന്തപുരം: ഡിജി ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റല്‍ രേഖകള്‍ക്ക് ആധികാരികത നല്‍കുന്നു. പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവില്‍വന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഡിജിലോക്കര്‍ അംഗീകൃത രേഖയായെന്നു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
മോട്ടോര്‍ വാഹന നിയമം 1988, കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകര്‍, അധികാരികള്‍ ആവശ്യപ്പെടുന്നപക്ഷം വാഹന ഉടമയോ, ഡ്രൈവറോ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനയ്ക്കായി നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് പ്രകാരം ഇനി മുതല്‍ അധികാരികള്‍ ആവശ്യപ്പെടുന്ന പക്ഷം അവരവരുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുളള ഡിജി ലോക്കറില്‍ നിയമപരമായി സൂക്ഷിച്ച രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധനയ്ക്കായി കാണിച്ചാല്‍ മതിയാവും. രേഖകളുടെ പകര്‍പ്പ് കടലാസ് രേഖയായി കൈവശം വയ്‌ക്കേണ്ട ആവശ്യമില്ല. നിയമലംഘനം നടന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും രേഖകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെങ്കില്‍ ബന്ധപ്പെട്ട നിയമപാലകര്‍ക്കു രേഖകള്‍ പിടിച്ചെടുക്കാതെ തന്നെ ആ വിവരം ഡിജി ലോക്കറില്‍ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്.
രേഖകള്‍ കടലാസ് രൂപത്തില്‍ കൊണ്ടുനടന്നു നഷ്ടപ്പെടാതെ ആവശ്യം വരുമ്പോള്‍ കാണിച്ചുകൊടുക്കുന്നതിനോ, ഷെയര്‍ ചെയ്ത് നല്‍കുന്നതിനോ ഡിജിറ്റല്‍ ലോക്കറുകള്‍ പ്രയോജനപ്പെടുത്താം. മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റുകള്‍ തുടങ്ങിയവയില്‍ ഡിജി ലോക്കറിന്റെ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുള്ളവര്‍ക്കു രേഖകള്‍ ആവശ്യമുള്ളപ്പോള്‍ പ്രദര്‍ശിപ്പിക്കാം. കടലാസ് രേഖകള്‍ സ്‌കാന്‍ ചെയ്തു സ്വയം ഡിജിറ്റലാക്കി സ്വന്തം ഇ-ഒപ്പ് ഉപയോഗിച്ചു സാക്ഷ്യപ്പെടുത്തിയും സൂക്ഷിക്കാം. ജില്ലാ പോലിസ് മേധാവിമാര്‍ ഇക്കാര്യം സംബന്ധിച്ച് ട്രാഫിക് പരിശോധനയിലുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഡിജിപി നിര്‍ദേശിച്ചു.RELATED STORIES

Share it
Top