വാഹന പരിശോധനക്കിടെ ബൈക്ക് നിയന്ത്രണം തെറ്റി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്‌

വര്‍ക്കല: നടുറോഡില്‍ മഫ്തി പോലിസിന്റെ വഴി തടഞ്ഞുള്ള വാഹന പരിശോധനക്കിടെ ഇരു ചക്രവാഹനം നിയന്ത്രണം തെറ്റി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.
വെള്ളിയാഴ്ച രാവിലെ വര്‍ക്കല പോലിസ് സ്‌റ്റേഷന് സമീപം സബ് ട്രഷറിക്ക് എതിര്‍വശമാണ് നിരവധി പേര്‍ നോക്കി നില്‍ക്കെ അപകടം. വര്‍ക്കല ഗവ. ഹയര്‍ സെക്കന്‍ഡറിയിലേക്ക് ഇരു ചക്രവാഹനത്തിലെത്തിയ വിദ്യാര്‍ഥികളാണ് പോലിസിന്റെ അന്യായ നടപടിയില്‍ ് നടുറോഡില്‍ തലയിടിച്ച് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഷാഡോ പോലിസിന് വാഹനങ്ങള്‍ പരിശോധിക്കുവാനുള്ള അധികാരമില്ലെന്നിരിക്കെയാണ് ഇത്തരത്തിലൊരു നടപടി. പുത്തന്‍ചന്ത ഭാഗത്ത് നിന്നും വര്‍ക്കല ഗവ. ഹയര്‍ സെക്കന്‍ഡറിയിലേക്ക് ഇരു ചക്രവാഹനത്തില്‍ സഞ്ചരിച്ചെത്തുകയായിരുന്നു വിദ്യാര്‍ഥികള്‍. മൂന്ന് ആളുകളുമായി ഹെല്‍മറ്റില്ലാതെയായിരുന്നു യാത്ര.  ഓടിക്കൊണ്ടിരിക്കുന്ന വാഹനം നടുറോഡില്‍ തള്ളിയിട്ടായിരുന്നു പോലിസിന്റെ പരാക്രമമെന്ന് കാഴ്ചക്കാര്‍ ആരോപിച്ചു. നിയന്ത്രണം തെറ്റി റോഡില്‍ തെറിച്ച് വീണ വിദ്യാര്‍ഥികള്‍ക്ക്  തൊട്ടുപിന്നാലെ പാഞ്ഞെത്തിയ വാഹനം കയറിയിറങ്ങാതെ പോയത് തലനാരിഴക്കാണ്.
ഇതിനിടെ  രണ്ട് വിദ്യാര്‍ഥികള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് മൂന്നാമനെയും വാഹനത്തെയും പോലിസ് കസ്റ്റഡിയിലെടുത്തു. വാഹന പരിശോധന നടത്തുന്ന പോലിസുകാര്‍ പാലിക്കേണ്ട ചട്ടങ്ങളെ കുറിച്ച് ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ മാനിക്കാതെയാണ് പരിശോധന നടക്കുന്നതെന്നും വാഹനയാത്രികര്‍ക്ക് പരാതിയുണ്ട്. നിയമ പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവര്‍ക്കും അതിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് വാഹനങ്ങള്‍ പരിശോധിക്കുവാന്‍ അവകാശമുള്ളത്. അസി. സബ് ഇന്‍സ്‌പെക്ടര്‍ക്ക് പോലും വാഹന പരിശോധന നടത്തുവാന്‍ അധികാരമില്ലെന്നിരിക്കെ സിവില്‍ പോലിസുകാരും ഹോംഗാര്‍ഡുമടക്കമുള്ളവര്‍ വര്‍ക്കലയില്‍ വാഹന പരിശോധന നടത്തുകയാണ്. ഏറെ തിരക്കുള്ള മൈതാനം റോഡിലെ കൊടുംവളവില്‍ വാഹനം വഴി തടഞ്ഞ് വിദ്യാര്‍ഥികളെ വീഴ്ത്തിയ പോലിസുകാര്‍ക്കെതിരേ നിയമ നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top