വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു; പൊലിഞ്ഞത് നിരവധി ജീവനുകള്‍

കാസര്‍കോട്: ജനകീയ  പ്രതിഷേധത്തിനൊടുവില്‍ ജില്ലയിലെ റോഡുകളുടെ നിലവാരം ഉയര്‍ന്നതിനു പിന്നാലെ വാഹനാപകടങ്ങളും ആശങ്കാജനകമായി ഉയരുന്നു. ഒരു മാസത്തിനിടയില്‍ മാത്രം ജില്ലയില്‍ ആറു പേരുടെ ജീവനുകളാണ് റോഡപകടങ്ങളില്‍ പൊലിഞ്ഞത്. ഇതിന്റെ ഇരട്ടിയോളം വരും അപകടത്തിപെട്ട് ചികില്‍സയിലുള്ളവരുടെ കണക്ക്. കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ്, കാസകോട് മംഗളൂരു ദേശീയ പാത, ചെറുവത്തൂര്‍, കുമ്പള എന്നിവിടങ്ങളിലാണ്  ചെറുതും വലുതുമായ അപകടങ്ങള്‍ ദിവസേന ഉണ്ടാകുന്നത്. ഏറ്റവും ഒടുവിലത്തെ അപകടം കഴിഞ്ഞ ദിവസം രാത്രി കെഎസ്ടിപി റോഡിലെ ചെളിയങ്കോടാണ്. ബൈക്കിലേക്ക് കെഎസ്ആടിസി ബസ് ഇടിച്ച്  ബൈക്ക് യാത്രികാനും  കാസര്‍കോട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കീഴൂര്‍  സ്വദേശി പിബി അഷറഫാണ്(45) മരിച്ചത്. ഈ മാസം 8ന് ഉച്ചയ്ക്ക് ചൗക്കി കല്ലങ്കൈ ദേശീയ പാതയില്‍ ലോറി ബുള്ളറ്റുമായി ഇടിച്ച് രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. വെള്ളരിക്കുണ്ട് സ്വദേശി വിജയന്‍ (45) കര്‍ണാടക മുടൂര്‍ സ്വദേശിയും വെള്ളരിക്കുണ്ടി ല്‍ താമസക്കാരനുമായ ലൂക്കോച്ചന്‍ (55)എന്നിവരാണ് മരണപ്പെട്ടത്. കഴിഞ്ഞ ജനുവരി 3ന് ചെറുവത്തൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ബൈക്ക് യാത്രക്കാരനായ കാടങ്കോട്ടെ ജിഷ്ണുരാജ് (19) മരിച്ചിരുന്നു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. ജനുവരി 31ന് പാലക്കാട് സ്വദേശി മണികണ്ഠന്(50) ഗുരുപുരത്ത് ലോറി റോഡരികില്‍  നിര്‍ത്തി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് മരണപ്പെട്ടിരുന്നു.  രണ്ടാഴ്ച മുമ്പ് മഞ്ചേശ്വരം റെയില്‍വേസ്റ്റേഷനില്‍ പാളം മുറിച്ചു കടക്കുന്നതിനിടയില്‍ സഹോദരിമാരും കുട്ടിയും ട്രെയിന്‍ എന്‍ജിന്‍ തട്ടി മരണപ്പെട്ടിരുന്നു. അണങ്കൂരില്‍ ടിവി സ്റ്റേഷന്‍ റോഡില്‍  പോലിസ് വാഹന പരിശോധനയ്ക്കിടെ അമിത വേഗതയില്‍ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു. കാസര്‍കോട് തെരുവത്ത് ഓട്ടോ മറിഞ്ഞ് ഡ്രൈവറും മരണപ്പെട്ടിരുന്നു. റോഡിന്റെ നിലവാരം ഉയര്‍ന്നതോടെ യതൊരു നിയന്ത്രണവും ഇല്ലാതെ ജാഗ്രത പുലര്‍ത്താതെ പോകുന്നതാണ് അപകടത്തിനു കാരണമാകുന്നത്. ഇരു ചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തില്‍ പെടുന്നത്. വാഹനാപകടങ്ങള്‍ കുറക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലിസും ബോധവല്‍ക്കരണങ്ങളും കാംപയിനുകളും നടത്തുന്നുണ്ടെങ്കിലും ജില്ലയില്‍ വാഹനാപകടങ്ങള്‍കൂടിവരുകയാണെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോഡിന്റെ വീതി കുറവും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ വാഹനമോടിക്കുന്നതും അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്്.  റോഡുകളില്‍ ചിലയിടങ്ങളില്‍ കാമറകളില്ലാത്തതും അമിത വേഗത്തിന് കാരണമാവുന്നുണ്ട്.

RELATED STORIES

Share it
Top