വാഹനാപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി നടപടികള്‍ ആരംഭിച്ചുആലുവ: വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ആലുവ ട്രാഫിക് പോലിസ് നടപടികള്‍ ആരംഭിച്ചു. നഗരത്തിലെ അനധികൃത ബോര്‍ഡുകളാണ് നീക്കം ചെയ്യുന്നത്. റൂറല്‍ ജില്ലയില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി എസ്പി എ വി ജോര്‍ജ് നിരവധി പദ്ധതികള്‍ക്ക് രൂപം കൊടുത്തിരുന്നു. ഇതിന്റെ തുടച്ചയായാണ് ബോര്‍ഡുകള്‍ ഒഴിവാക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച എസ്പിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് അപകടങ്ങള്‍ക്കിടയാക്കുന്ന ബോര്‍ഡുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ജില്ലയിലെ ഡിവൈ എസ് പിമാര്‍, സിഐ, എസ്‌ഐമാര്‍ എന്നിവര്‍ക്ക് പുറമെ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. യോഗത്തിലെ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് എസ് ഐ കെ എ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് ആലുവയില്‍ നടപടികള്‍ ആരംഭിച്ചത്. കാഴ്ച മറക്കല്‍, ശ്രദ്ധ തെറ്റിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ചിത്രങ്ങള്‍, പരസ്യങ്ങള്‍, കാല്‍നട യാത്രക്ക് തടസമാകുന്ന ബോര്‍ഡുകള്‍, ഫഌക്‌സുകള്‍ തുടങ്ങിയവയാണ് നീക്കം ചെയ്യുന്നത്. തോട്ടക്കാട്ടുകര, പമ്പുകവല, ബാങ്ക് കവല, റെയില്‍വേ സ്‌റ്റേഷന്‍, ആശുപത്രി കവല തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം ബോര്‍ഡുകള്‍ നീക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നടപടികളുണ്ടാകും. കാല്‍നട യാത്രക്കാര്‍ക്ക് തടസമുണ്ടാകുന്ന വിധത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ട്രാഫിക് എസ് ഐ പറഞ്ഞു.

RELATED STORIES

Share it
Top