വാഹനാപകടം: ബസ്സും ബൈക്കും കത്തി നശിച്ചു

മൂവാറ്റുപുഴ: ബൈക്ക് കെഎസ്ആര്‍ടിസി ബസ്സിനടിയിലേക്ക് ഇടിച്ചുകയറി ബസ്സും ബൈക്കും കത്തി നശിച്ചു. ബസ്സിലുണ്ടായിരുന്ന 44 യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊട്ടാരക്കര നെല്ലിക്കുന്നം പറങ്കിമാവില വീട്ടില്‍ അനൂപ് (18) ആണ് മരിച്ചത്. എംസി റോഡില്‍ മാറാടി പള്ളിപ്പടിയില്‍ ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് അപകടം.
തൃശൂരില്‍ നിന്നു കോട്ടയത്തേക്കു പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് കെഎസ്ആര്‍ടിസി ബസ്സിനടിയിലേക്ക് മൂവാറ്റുപുഴ ഭാഗത്തേക്കു വരുകയായിരുന്ന അനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്കിന്റെ പെട്രോള്‍ടാങ്കില്‍ നിന്നു തീ പടര്‍ന്നു ബസ്സും ബൈക്കും കത്തിയമര്‍ന്നു. 44 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. തീ പിടിച്ചതിനെ തുടര്‍ന്ന് ഇവരെല്ലാം ബസ്സില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ ബൈക്ക് പൊട്ടിത്തെറിച്ചു ബസ് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു.
ബസ്സിനടിയിലേക്കു തെറിച്ചുവീണ യുവാവിനെ നാട്ടുകാര്‍ പുറത്തെത്തിച്ച് ആദ്യം മൂവാറ്റുപുഴയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാറിനെ മറികടക്കുന്നതിനിടെയാണ് എതിരേ വന്ന ബസ്സിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബൈക്കിന്റെ വരവ് കണ്ട് ബസ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും 50 മീറ്ററോളം ബസ് ബൈക്കുമായി റോഡിലൂടെ ഉരഞ്ഞുനീങ്ങി. ഇതിനിടയില്‍ ബൈക്കിന്റെ പെട്രോള്‍ടാങ്കില്‍ തീ പടരുകയായിരുന്നുവെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലിസും ചേര്‍ന്നാണ് തീയണച്ചത്.

RELATED STORIES

Share it
Top