വാഹനാപകടം നാടിന്റെ നൊമ്പരമായി

എടക്കര: വഴിക്കടവ് നെല്ലിക്കുത്തില്‍ വാഹന അപകടം നാടിന്റെ നൊമ്പരമായി. അപകടത്തില്‍ മരിച്ച കുട്ടികളുടെ ചേതനയറ്റ ശരീരങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കണ്ടുനില്‍ക്കാനാവാതെ അധ്യാപകരും, സഹപാഠികളും, ബന്ധുക്കളും, നാട്ടുകാരും തേങ്ങി.  ഇന്നലെ രാവിലെ മണിമൂളിയില്‍ വാഹനാപകടത്തില്‍ മരിച്ച ഫിദമോള്‍, മുഹമ്മദ് ഷാമില്‍ എന്നിവരുടെ മൃതദേഹങ്ങള്‍ അവര്‍ പഠിക്കുന്ന ക്രിസ്തുരാജ ഹയര്‍ സെക്കന്‍ഡറിയിലെ പാരീഷ് ഹാളില്‍ വൈകിട്ട് ആറോടെയാണ് പൊതുദര്‍ശനത്തിന് വച്ചത്. ഉച്ചക്ക് രണ്ടരയോടെ പൊതുദര്‍ശനത്തിന് മൃതദേഹം എത്തുമെന്നറിഞ്ഞ് വിദ്യാര്‍ഥികളും ബന്ധുക്കളും നാട്ടുകാരും അധ്യാപകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സ്‌കൂളില്‍ ഒഴുകിയത്തെിയത്. വൈകിട്ട് ആറോടെ ഇരു മൃതദേഹങ്ങളും വഹിച്ചുള്ള ആംബുലന്‍സ് പാരീഷ് ഹാളിലത്തെിയപ്പോള്‍ കൂടിനിന്നവരുടെ നിയന്ത്രണം വിടുകയായിരുന്നു. കഴിഞ്ഞ ദിവസം വരെ തങ്ങളോടൊപ്പം കളിച്ചിരിയുമായി നടന്നിരുന്ന പ്രിയസുഹൃത്തുക്കളുടെ ചേതനയറ്റ ശരീരം കണ്ട് വിദ്യാരഥികള്‍ തേങ്ങി. പലരെയും അധ്യാപകരും മറ്റും കൂട്ടിപ്പിടിച്ചാണ് ഹാളിന് പുറത്തേക്കത്തെിച്ചത്. ആറരയോടെയാണ് മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് കൊണ്ടുപോയത്. അപ്പോഴും നിരവധി പേരാണ് ഒരുനോക്ക് കാണാനായി പുറത്തുവരി നിന്നിരുന്നത്. പി വി അന്‍വര്‍ എംഎല്‍എ, എം സ്വരാജ് എംഎല്‍എ, പി വി അബ്ദുല്‍ വഹാബ് എംപി, സി പി എം ജില്ല സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത്, എം എസ് എഫ് അഖിലേന്ത്യ പ്രസിഡന്റ് ടി പി അഷ്‌റഫലി, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി വി എസ് ജോയി, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പി ഷെബീര്‍, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രഫ. എം തോമസ് മാത്യു, ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി സി വിജയന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ എ സുകു, ആലീസ് അമ്പാട്ട്, ജില്ല പഞ്ചായത്തംഗം ഒ ടി ജെയിംസ്, സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ചാക്കോ മേപ്പുറത്ത് അനുശോചനം അര്‍പ്പിക്കാനെത്തിയിരുന്നു.

RELATED STORIES

Share it
Top