വാഹനാപകടംവര്‍ക്കല പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

വര്‍ക്കല: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍പെട്ട അമ്പല പൂജാരികൂടിയായ വയോധികന്റെ പരാതിയിന്മേല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും വര്‍ക്കല പോലിസ് ബോധപൂര്‍വം നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഇതു സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം വിശദാംശങ്ങളാരാഞ്ഞ അഡ്വ. കാപ്പില്‍ ഡി സുനിലിന്റെ ചോദ്യങ്ങള്‍ക്കും പോലിസ് മറുപടി നല്‍കിയില്ല.
ഇടവ ഗ്രാമപ്പഞ്ചായത്തില്‍ കാപ്പില്‍ വടക്കേ മഠത്തില്‍ ഹരിഹര ശര്‍മയാണ് പരാതിക്കാരന്‍. 2017 മാര്‍ച്ച് ആറിന് വൈകീട്ട് 6.30ന് വര്‍ക്കല കിളിത്തട്ട് മുക്കിലായിരുന്നു വാഹനാപകടം. വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിലെ പൂജാരിയായ ഇദ്ദേഹം അമ്പലത്തിലേക്ക് ബൈക്കില്‍ പോകവേ എതിര്‍ ദിശയില്‍ നിന്ന്് അമിത വേഗത്തിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഹരിഹര ശര്‍മയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടിരുന്നു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹരിഹര ശര്‍മയുടെ മകന്‍ ബിജു, ഇടിച്ചു വീഴ്ത്തിയ സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പറടക്കം വര്‍ക്കല പോലിസില്‍ രേഖാമൂലം പരാതി സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസെത്തി മൊഴിരേഖപ്പെടുത്തി പോയതല്ലാതെ ഇനിയും തുടര്‍നടപടി സ്വീകരിച്ചിട്ടില്ല.  കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കുകയോ ക്രൈം രജിസ്റ്റര്‍ ചെയ്യുകയോ ഉണ്ടായില്ല. ഇതുമൂലം മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈം ട്രൈബ്യൂണലില്‍ പരാതി നല്‍കി നഷ്ടപരിഹാരം ഈടാക്കാനുമാവുന്നില്ല.
ഒന്നര ലക്ഷം രൂപ ചികില്‍സാ ചെലവിനത്തില്‍ വിനിയോഗിക്കേണ്ടി വന്നിട്ടുള്ളതായി ഹരിഹര ശര്‍മ പറയുന്നു. വര്‍ക്കല പോലിസ് അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ പോലിസ് സൂപ്രണ്ടിനും ആര്‍ടിഒക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ 2018 ഫെബ്രുവരി 14ന് മേലധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതിന്മേലും ഇനിയും അന്വേഷണം നടന്നിട്ടില്ല.

RELATED STORIES

Share it
Top