വാഹനയാത്ര ദുരന്തഭീതിയില്‍

കോതമംഗലം: കൊച്ചി-ധനുഷ്‌കോടി ദേശിയപാതവഴിയുള്ള വാഹനയാത്ര ദുരന്തഭീതിയുടെ നിറവില്‍. വന്‍ കടമരങ്ങള്‍ ഏത് സമയത്തും നിലംപൊത്താറായി നിന്നിട്ടും മുന്നറിയിപ്പ് ബോര്‍ഡുപോലും സ്ഥാപിക്കാത്ത അധികൃതരുടെ അനങ്ങാപ്പാറ നയത്തില്‍ പരക്കെ പ്രതിഷേധം. ദേശീയപാതയുടെ നേര്യമംഗലം വില്ലാഞ്ചിറ മുതല്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ പാതയോരത്ത് മണ്ണിടിച്ചില്‍ തുടര്‍ക്കഥയായിട്ട് ആഴ്ചകളായി. ചെങ്കുത്തായ മലയുടെ വലിയഭാഗം വില്ലാംഞ്ചിറയില്‍ റോഡില്‍ പതിച്ച് അടുത്തിടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങിയിരുന്നു.ദിവസങ്ങള്‍ക്കുള്ളില്‍ മണ്ണ് കോരിമാറ്റി ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ദുരന്തഭീതി വിട്ടൊഴിഞ്ഞിട്ടില്ല. മണ്ണിടിഞ്ഞ ഭാഗത്ത് മലമുകളില്‍ വന്‍മരങ്ങള്‍ വേരുകള്‍ പുറത്തായ നിലയില്‍ നില്‍ക്കുന്നത്് ഒരു പക്ഷേ വന്‍ദുരന്തത്തിന് വഴിതെളിക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.മഴകനക്കുന്ന അവസരത്തില്‍ മണ്ണിന് ബലക്ഷയം സംഭവിക്കുകയോ ശക്തമായ കാറ്റിലും മരം അനങ്ങുമ്പോഴോ ഇവ താഴേക്ക് പതിക്കുന്നതിന് സാധ്യതയുണ്ടെന്നും അതിനാല്‍ ഇത്തരത്തില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. മരങ്ങള്‍ കടപുഴകി താഴെക്കൂടി കടന്നുപോവുന്ന വാഹനങ്ങളുടെമേല്‍ പതിക്കുന്നതിന് സാധ്യതയേറെയാണ്. നിമഷങ്ങളുടെ വ്യത്യസത്തിലാണ് ഈ പാതയിലൂടെ വാഹനങ്ങള്‍ കടന്നുപോവുന്നത്. നേര്യമംഗലം ഇടുക്കി റോഡിലും സമാന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നാണ് ചൂണ്ടികാണിപ്പെടുന്നത്. വില്ലാഞ്ചിറയില്‍ വിസ്തൃതമായി പ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്. 200 അടിയോളം ഉയരത്തില്‍ നിന്നാണ് മലയുടെ വലിയൊരു ഭാഗം റോഡിലേക്ക് പതിച്ചത്. മരങ്ങളും മണ്ണും മറ്റും ഇനിയും പാതയോരത്തുനിന്നും നീക്കിയിട്ടില്ല.ഇവിടുത്തെ മണ്ണിടിച്ചില്‍ മൂലം താഴ്ഭാഗത്തെ പട്ടികവര്‍ഗകോളനിവാസികളും ആശങ്കയിലാണ്. ഉരുള്‍പൊട്ടല്‍ സംഭവിച്ചാല്‍ മണ്ണും മരങ്ങളും കൂറ്റന്‍പാറകളുമെല്ലാം എത്തുന്നത് തങ്ങളുടെ വീടുകള്‍ക്ക് മുകളിലേക്ക് ആയിരിക്കുമെന്നും അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് കോളനിവാസികളുടെ അവശ്യം.

RELATED STORIES

Share it
Top