വാഹനമോടിക്കുമ്പോള്‍ വെയറബിള്‍ സ്ലീപ് അലാറം നിര്‍ബന്ധമാക്കും: മന്ത്രി

തിരുവനന്തപുരം: വാഹനമോടിക്കുന്നവര്‍ ഉറക്കത്തില്‍പ്പെട്ട് അപകടം ഉണ്ടാവാതിരിക്കാന്‍ വെയറബിള്‍ സ്ലീപ് അലാറം നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
ഇതേക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപോര്‍ട്ട് ലഭിച്ചാലുടന്‍ സംവിധാനം നടപ്പാക്കും. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ വാഹനങ്ങളുടെ എണ്ണത്തില്‍ 123 ശതമാനം വര്‍ധന ഉണ്ടായെങ്കിലും അപകട നിരക്ക് 13 ശതമാനം കുറഞ്ഞു. 2006ല്‍ 38,27,677 വാഹനങ്ങളുണ്ടായിരുന്നത് 2014ല്‍ 85,47,966 ആയി ഉയര്‍ന്നു. നിലവില്‍ കേരളത്തില്‍ 96,48,230 വാഹനങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ 36,282 വാഹനാപകടങ്ങളില്‍ 4049 പേര്‍ മരിച്ചു. അപകടങ്ങളില്‍ മരിക്കുന്ന യുവാക്കളുടെ എണ്ണം കൂടാന്‍ കാരണം ഇരുചക്രവാഹനങ്ങളുടെ ബാഹുല്യമാണ്. സ്‌കൂളുകളില്‍ ഗതാഗത നിയമങ്ങള്‍ പഠിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്. കെഎസ്ആര്‍ടിസി ബസ്സിടിച്ചുണ്ടാവുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരാതി ലഭിച്ചാല്‍ നടപടിയെടുക്കും. അപകടമേഖലകളിലെ പരസ്യ ബോര്‍ഡുകള്‍ നീക്കുകയും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top