വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം: കാര്‍ കസ്റ്റഡിയില്‍

പരിയാരം: തിരുവനന്തപുരം സ്വദേശി പിലാത്തറയില്‍ വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയെന്ന് സംശയിക്കുന്ന മാരുതി റിസ്റ്റ് കാര്‍ പരിയാരം മെഡിക്കല്‍ കോളജ് പോലിസ് കസ്റ്റഡിയിലെടുത്തു. കാറിന് ചില കേടുപാടുകള്‍ ഉണ്ടെങ്കിലും താന്‍ അതുവഴി പോയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ കാറുടമയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കഷന്‍ പരിശോധിക്കാനാണ് പോലിസിന്റെ തീരുമാനം. സംശയത്തിന്റെ പേരില്‍ മറ്റൊരു വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നെയ്യാറ്റിന്‍കരയിലെ ശേഖരന്‍ നായര്‍-കൃഷ്ണമ്മ ദമ്പതികളുടെ മകന്‍ എസ് ഹരികുമാറാണ് (42) മരിച്ചത്. പാപ്പിനിശ്ശേരി-പിലാത്തറ കെഎസ്ടിപി റോഡിലെ ചുമടുതാങ്ങിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ചുമടുതാങ്ങിയിലെ പവിഴം സിമന്റ് ഡിസൈന്‍ വര്‍ക്‌സ് ഉടമയായ ഹരികുമാര്‍ 25 വര്‍ഷമായി ഇവിടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. രാത്രി പാഴ്‌സല്‍ ഭക്ഷണം വാങ്ങി റോഡരികിലൂടെ നടന്നുവരവെയാണ് അജ്ഞാത വാഹനമിടിച്ചത്. പിന്നീട് അതുവഴി വന്ന വാഹനയാത്രികരാണ് ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തുടര്‍ന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ നില ഗുരുതരമായതിനാല്‍ തിരിച്ച് പരിയാരത്തേക്ക് തന്നെ കൊണ്ടുവന്നു. ഇവിടെ വെന്റിലേറ്ററില്‍ കഴിയവെ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അന്ത്യം.
ഭാര്യ: ജലജകുമാരി. മക്കള്‍: പാര്‍വതി, ശ്രീലക്ഷ്മി, സഹോരങ്ങള്‍: ഗോപകുമാര്‍, കൃഷ്ണകുമാര്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

RELATED STORIES

Share it
Top