വാഹനമിടിച്ച് മധ്യവയസ്‌കന്‍ മരിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: വാഹനമിടിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ പയ്യന്നൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. എടാട്ട് പറമ്പത്ത് പി വി രഘൂത്തമന്‍ (51)ആണ് പിടിയിലായത്. കെഎല്‍ 13 എ ഇ 488 നമ്പര്‍ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ ആറിന് പെരുമ്പയിലാണ് സംഭവം. കണ്ണങ്ങാട് ക്ഷേത്രത്തിലേക്ക് നടന്നുപോകവെ മമ്പലം സുരഭി നഗറിലെ കാനാ രാമചന്ദ്രനാണ് (60) അപകടത്തില്‍ പരിക്കേറ്റത്. കുഴഞ്ഞുവീണതാണെന്നാണ് രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ തലയ്ക്കുള്ളില്‍ രക്തസ്രാവമുണ്ടെന്ന് സഹകരണ ആശുപത്രിയിലെ ഡോക്്ടര്‍മാര്‍ കണ്ടെത്തി.
തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും അവിടെനിന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം  രാമചന്ദ്രന്‍ മരണപ്പെട്ടു. സംഭവസ്ഥലത്തിന് സമീപത്തെ സ്ഥാപനത്തിലെ നിരീക്ഷണ കാമറ പോലിസ് പരിശോധിച്ചതില്‍ നിന്നാണ് ഇരുചക്ര വാഹനമിടിച്ചതാണെന്നു മനസ്സിലായത്. എന്നാല്‍ വാഹനമേതെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സഹകരണ ആശുപത്രിയിലെ നിരീക്ഷണ കാമറ പരിശോധിച്ചു. രാമചന്ദ്രനെ ആശുപത്രിയില്‍ കൊണ്ടുവന്നയാളെ തിരിച്ചറിയാന്‍ ഈ ദൃശ്യങ്ങള്‍ സഹായകമായി. തുടര്‍ന്നാണ് വാഹനമോടിച്ചയാളെ കണ്ടെത്തിയത്.

RELATED STORIES

Share it
Top