വാഹനത്തിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു

അടിമാലി: വാഹനത്തിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു. ആദ്യം പ്രസവിച്ച പെണ്‍കുഞ്ഞാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിയ ശേഷം ജനിച്ച രണ്ടാമത്തെ കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. അടിമാലി പഞ്ചായത്ത് പരിധിയില്‍പ്പെട്ട പടിക്കപ്പുകുടി ആദിവാസി ഊരിലെ മുത്തയ്യ-പൊന്നമ്മ ദമ്പതികളുടെ മകള്‍ ശോഭന (26) ആണ് ജിപ്പിനുള്ളില്‍ പ്രസവിച്ചത്.
മാങ്കുളം ശേവരുകുടിയിലെ ട്രൈബല്‍ പ്രമോട്ടര്‍ അഭിലാഷിന്റെ ഭാര്യയാണ് ശോഭന. ശോഭന ഗര്‍ഭിണിയായതിനുശേഷം താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇരട്ടക്കുട്ടികളാണെന്ന് അറിഞ്ഞതോടെ തുടര്‍ പരിശോധനകള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു. മാങ്കുളത്തു നിന്നു പരിശോധനകള്‍ക്ക് എത്തിക്കുക പ്രയാസമായതിനാല്‍ ഏതാനും മാസങ്ങളായി ശോഭനയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അടുത്ത മാസമാണ് പ്രസവത്തിന് തിയ്യതി അറിയിച്ചിരുന്നത്. ഇതിനിടെ, വൈള്ളിയാഴ്ച ഉച്ചകഴിഞ്ഞതോടെ വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന്, മാതാവ് പൊന്നമ്മ, സമീപമേഖലയിലുള്ള കമാന്‍ഡര്‍ ജീപ്പ് വിളിച്ചുവരുത്തി. അയല്‍വാസി സ്ത്രീയെയും ബന്ധുവായ മറ്റൊരു സ്ത്രീയെയും കൂട്ടി ആശുപത്രിയിലേക്കു വരുന്ന വഴിയാണ് പ്രസവം നടന്നത്. കുടിയില്‍ നിന്ന് 17 കിലോമീറ്റര്‍ ദൂരമാണ് അടിമാലി താലൂക്ക് ആശുപത്രിയിലേക്കുള്ളത്.
മരണമടഞ്ഞ ശിശുവിനെ രാത്രി തന്നെ കുടിയിലെ വീട്ടിലേക്കു കൊണ്ടുപോയി സംസ്‌കരിച്ചു. സ്ഥലത്തെത്തിയ അഭിലാഷിന്റെ നേതൃത്വത്തില്‍, രണ്ടാമത് ജനിച്ച ആണ്‍കുട്ടിയെയും ശോഭനയെയും കൂട്ടി രാത്രി ഏഴരയോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.
പടിക്കപ്പുകുടിയിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥമൂലമാണ് ആശുപത്രിയില്‍ ശോഭനയെ എത്തിക്കാന്‍ താമസിച്ചതെന്നു പറയുന്നു.

RELATED STORIES

Share it
Top