വാഹനങ്ങള്‍ വാടകക്കെടുത്ത ശേഷം പണം നല്‍കാതെ മുങ്ങിയതായി പരാതി

അങ്കമാലി: ചെന്നൈ ആ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ വാഹനങ്ങള്‍ വാടകക്കെടുത്ത ശേഷം പണം നല്‍കാതെ മുങ്ങിയതായി പരാതി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയും ചെന്നൈയില്‍ താമസമാക്കിയിട്ടുമുള്ള ജോണ്‍സണ്‍ ഫ്രാന്‍സിസ്(59) നെതിരെയാണ് പരാതി.മുപ്പതോളം വാഹന ഉടമകളാണ് 65 ലക്ഷത്തിലധികം രൂപ ലഭിക്കാനുണ്ടെന്ന് കാണിച്ച് അങ്കമാലി പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്. കാര്‍, ടെമ്പോ ട്രാവലര്‍, ബസ് തുടങ്ങിയ വാഹനങ്ങള്‍ മാസവാടകക്ക് എടുത്ത ശേഷം ടൂര്‍ ഓപ്പറേറ്റിംഗ് നടത്തുകയായിരുന്നു രീതി. മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരനായ ഇദ്ദേഹം ജോണ്‍സണ്‍ ട്രാവല്‍സ് ആന്റ് കണ്‍സള്‍ട്ടന്റസ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയതും പണവുമായി മുങ്ങിയതും. ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും പണം വാങ്ങിയ ശേഷം വാഹന ഉടമകള്‍ക്ക് പണം നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. ടൂര്‍ സീസണായതിനാല്‍ വാഹന ഉടമകള്‍ പണം ഉടനടി ചോദിച്ചു വാങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഭീമമായ തുകയായി ഉയര്‍ന്നത്. ടൂര്‍ കമ്പനികളില്‍ നിന്നും പണമെല്ലാം കൈപ്പറ്റിയ ശേഷം ജോണ്‍സണ്‍ കടന്നുകളയുകയായിരുന്നു. ടാക്‌സി വാഹനങ്ങള്‍ വാങ്ങിയ ശേഷം മാസവാടകക്ക്  നല്‍കിയ മുപ്പതോളം ഉടമകളാണ് തട്ടിപ്പിനിരയായത്. കൂടാതെ ചെന്നൈ ആ സ്ഥാനമായ ട്രാവല്‍ കമ്പനിയുടെ പേരില്‍ അങ്കമാലിയില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം കമ്പനിയുടെ ചെക്കുകള്‍ മാറി പണമെടുത്തിട്ടുള്ളതായും പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top