വാഹനങ്ങള്‍ നീക്കാനുള്ള പദ്ധതിക്ക് അന്തിമരൂപം നല്‍കണം

കൊച്ചി: പോലിസ് സ്‌റ്റേഷനിലും സമീപത്തെ റോഡുകളിലും സൂക്ഷിക്കുന്ന പിടികൂടിയ വാഹനങ്ങളും വള്ളങ്ങളും ബോട്ടുകളും നീക്കം ചെയ്യാനുള്ള പദ്ധതിക്ക് ഒരു മാസത്തിനകം അന്തിമരൂപം നല്‍കണമെന്നു സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മലപ്പുറം സ്വദേശി ഡോ. കെ എ സീതി, രാജേഷ് എ നായര്‍, വിസ്മയ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് നിര്‍ദേശം.
പിടികൂടുന്ന വാഹനങ്ങള്‍ പോലിസ് സ്‌റ്റേഷനിലും റോഡരികിലും സൂക്ഷിക്കുകയാണെന്നും ഇത് റോഡ് അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാവുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഇത്തരം വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ട പദ്ധതിയുടെ കരട് തയ്യാറാക്കി സര്‍ക്കാര്‍ നേരത്തേ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പോലിസ് പിടികൂടുന്നതും ഉടമകള്‍ ഉപേക്ഷിക്കുന്നതുമായ വാഹനങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ ഇതിലുള്ളതായി കോടതി നിരീക്ഷിച്ചു. വിവിധ കാരണങ്ങളാല്‍ പോലിസ് പിടികൂടുന്ന വള്ളങ്ങളും ബോട്ടുകളും കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഇതും കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്നു സര്‍ക്കാര്‍ അറിയിച്ചു.

RELATED STORIES

Share it
Top