വാഹനം ഇടിച്ചിട്ട ് തിരിഞ്ഞുനോക്കാതെ മുങ്ങുന്നവര്‍ വര്‍ധിക്കുന്നു

സ്വന്തം  പ്രതിനിധി

തൊടുപുഴ: ശനിയാഴ്ച രാത്രി തൊടുപുഴ നഗരത്തില്‍ മങ്ങാട്ടുകവല- ഷാപ്പുംപടി ബൈപ്പാസില്‍ ഇടിച്ചിട്ട കാറിനെ തിരിഞ്ഞുനോക്കാതെ ഉടമ വാഹനവുമായി കടന്നു. ഗുരുതരമായി പരിക്കേറ്റവരെ അതുവഴിയെത്തിയ വാഹനങ്ങളിലെ യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചത്. പരിക്കേറ്റ രണ്ടു സ്ത്രീകളില്‍ ഒരാളുടെ കാലിന് ഒടിവുണ്ട്. തലയ്ക്ക് പരിക്കേറ്റ മറ്റൊരു സ്ത്രീ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്.
ഇടിച്ച വാഹനം സംബന്ധിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 25ന് രാത്രിയിലും സമാനമായ സംഭവം തൊടുപുഴ പോലിസ് സ്‌റ്റേഷനു സമീപമുണ്ടായി. പാഞ്ഞെത്തിയ കെ എല്‍ 34 എ 2993 സാന്‍ട്രോ കാര്‍ രണ്ട് സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം കടന്നുകളഞ്ഞു. പിന്നാലെയെത്തിയ കാറിലുണ്ടായിരുന്നവര്‍ സാന്‍ട്രോയുടെ നമ്പര്‍ നോട്ട് ചെയ്ത് അറിയിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികര്‍ മീറ്ററുകളോളം തെറിച്ചുപോയി. എന്നാല്‍, കാറിന്റെ നമ്പര്‍ നല്‍കിയിട്ടും ഉടനടി നടപടി സ്വീകരിക്കാതെ പോലിസ് കേസ് കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിറ്റേന്നു രാവിലെയാണ് പോലിസ് കേസ്സെടുത്തത്.
നഗരത്തിലെ പല റോഡുകൡലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവര്‍ത്തിക്കാത്തത് അപകടമുണ്ടാക്കി മുങ്ങുന്ന വാഹനയുടമകളെ കണ്ടെത്താന്‍ കഴിയാതെ വരുന്നതിനു കാരണമാവുന്നു. അതേസമയം, അപകടത്തില്‍പ്പെടുന്നവരെ അവിടെത്തന്നെ തള്ളിയിട്ട് കടന്നുകളയുന്ന ഡ്രൈവര്‍മാരെ മാതൃകാപരമായി ശിക്ഷിക്കാത്തതും ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നുണ്ട്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും പിന്നീട് ഈ കേസുകള്‍ ഒതുക്കിത്തീര്‍ക്കുന്നതും വര്‍ധിച്ചുവരുകയാണ്. അതേസമയം, അപകടത്തില്‍ കുടുങ്ങുന്നവരെ രക്ഷിക്കാന്‍ മറ്റാരും എത്തിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്ന കാര്യം ബന്ധപ്പെട്ട അധികൃതര്‍ ആരും ഗൗരവമായി പരിഗണിക്കുന്നുമില്ല. അപകടത്തില്‍പ്പെട്ടവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണമെന്നും അതിന് ആവശ്യമായ നിയമപരിരക്ഷ നല്‍കുമെന്നും ബോധവല്‍ക്കരണത്തിലൂടെയും മറ്റും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യാപകമായ പ്രചരിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍, പലപ്പോഴും പോലിസിന്റെ നിലപാടുകള്‍ അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ നിന്ന് വാഹനം ഇടിപ്പിച്ച ഡ്രൈവര്‍മാരെയും മറ്റു യാത്രക്കാരെയും പിന്തിരിപ്പിക്കുന്നയും പരാതിയുണ്ട്. തൊടുപുഴ നഗരത്തില്‍ ഇടിച്ചിട്ടശേഷം വാഹനവുമായി മുങ്ങുന്നത് വര്‍ധിക്കുമ്പോഴും അധികൃതര്‍ കാര്യക്ഷമമായി ഇടപെടാന്‍ തയ്യാറായിട്ടില്ല. നിസ്സാരവല്‍ക്കരിച്ച് കേസ് മാറ്റിവയ്ക്കുകയാണ് പലപ്പോഴും ചെയ്യുന്നത്.
വാഹനം ഇടിപ്പിച്ചു മുങ്ങുന്നവരെ മാതൃകാപരമായി ശിക്ഷിച്ചാല്‍ ഒരു പരിധിവരെ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന സാധ്യതപോലും ഉപയോഗിക്കുന്നില്ല. ഇടിച്ചിട്ട ശേഷം കടന്നുകളയുന്ന വാഹനങ്ങള്‍ പിടികൂടാന്‍ നിരവധി സംവിധാനങ്ങളാണുള്ളത്. എന്നാല്‍, പോലിസിനോ, മോട്ടോര്‍ ഡിപ്പാര്‍ട്ടുമെന്റിനോ ഇത്തരം കാര്യങ്ങളിലൊന്നും താല്‍പ്പര്യമില്ലെന്നാണു നാട്ടുകാരുടെ ആരോപണം. മറ്റു വാഹന യാത്രികരെ അപകടത്തിലാക്കി മുങ്ങുന്ന വാഹന ഉടമകളെ പിടികൂടി കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം .

RELATED STORIES

Share it
Top