വാസ്തവങ്ങള്‍ക്കൊപ്പം തൂലിക ചലിപ്പിച്ച്...

പി സി അബ്ദുല്ല

വാര്‍ത്തയെ വാസ്തവം വഴിമുടക്കിക്കൂടാ എന്നുപറഞ്ഞത് പ്രശസ്ത ബ്രിട്ടിഷ് പത്രപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ഇന്‍ഗ്രംസാണ്. 'പ്രൈവറ്റ് ഐ' എന്ന മഞ്ഞപ്പത്രത്തിന്റെ പത്രാധിപര്‍ക്ക് പക്ഷേ, അതു പറയാനുള്ള സത്യസന്ധതയെങ്കിലുമുണ്ടായിരുന്നു.— ഇംഗ്ലണ്ടല്ല കേരളം; റിച്ചാര്‍ഡ് ഇന്‍ഗ്രംസല്ല ഇവിടത്തെ പത്രാധിപന്‍മാര്‍. —വാര്‍ത്തകളിലെ വാസ്തവം വിപണിയുടെ വഴിമുടക്കുമ്പോള്‍ വാസ്തവം മാറ്റിവച്ചു വിവാദം വിളമ്പാന്‍ ഒരു അറപ്പുമില്ലാത്ത നമ്മുടെ പത്രാധിപന്‍മാരുടെ 'മൂല്യാധിഷ്ഠിത' മുഖാവരണങ്ങള്‍ അഴിഞ്ഞുവീഴുന്നതാണ് നേര്‍ക്കാഴ്ച.  വാര്‍ത്തയിലെ വാസ്തവത്തെ അവര്‍ കുഴിച്ചുമൂടും. നിഷ്പക്ഷതയും സത്യസന്ധതയും മൂല്യങ്ങളും മനസ്സാക്ഷി പോലും കാശിക്കു പോവും.—
അക്രമാസക്ത ഹിന്ദുത്വം തീവ്ര ദേശീയത—യായപ്പോള്‍ മലയാളത്തിലടക്കം മേല്‍ക്കോയ്മാ മാധ്യമങ്ങളും അതിന്റെ വിടുപണിക്കാരായി. സത്യങ്ങളും വാര്‍ത്തകളിലെ വാസ്തവങ്ങളും കടങ്കഥയുമായി. —വിപണനവാണിജ്യ സാധ്യതകളുടെ വഴിമുടക്കാതിരിക്കാന്‍ ഹിന്ദുത്വ ഫാഷിസത്തിന്റെയും ഭരണകൂട, പോലിസ് ഭാഷ്യങ്ങളുടെയും നുണകള്‍ മാധ്യമങ്ങള്‍ വാര്‍ത്തകളാക്കി പൊലിപ്പിച്ചും തുടങ്ങി. ഭരണകൂടങ്ങളും ഫാഷിസവും കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന നമ്മുടെ ഒട്ടുമിക്ക പത്രങ്ങളും ചാനലുകളും നുണകളുടെ ചില്ലുകൂടൊരുക്കിയാണ് ഇപ്പോള്‍ വാസ്തവങ്ങള്‍ക്കു നേരെ കല്ലെറിയുന്നത്.—
നൂറ്റാണ്ടുകള്‍ മുസ്‌ലിംകള്‍ പ്രാര്‍ഥന നടത്തിയ ബാബരി മസ്ജിദ് ഒരു സുപ്രഭാതത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്'തര്‍ക്കമന്ദിര—മായി മാറിയത് റിച്ചാര്‍ഡ് ഇന്‍ഗ്രംസ് പറഞ്ഞപോലെ, വാസ്തവം ആ പത്രങ്ങളുടെ  വിപണിക്ക് വഴിമുടക്കാതിരിക്കാനാണ്. ബാബരി പൊളിച്ചതിന്റെ പിറ്റേന്ന് ഒരു പ്രധാന പത്രം ഏഴിമലയെക്കുറിച്ചു മുഖപ്രസംഗമെഴുതിയതും അതുകൊണ്ടു തന്നെ. ബീഫ് കൈവശം വച്ചതിനു ഹിന്ദുത്വര്‍ തല്ലിക്കൊന്നു തീവണ്ടിയില്‍ നിന്നു പുറത്തേക്കെറിഞ്ഞ ജുനൈദും ലൗജിഹാദ്'ആരോപിച്ചു രാജസ്ഥാനില്‍ ജീവനോടെ കത്തിക്കപ്പെട്ട മുസ്‌ലിം യുവാവും ഒന്നാം ദിനം അതേ പത്രത്തിനു വാര്‍ത്തയാവാതെ പോയതിന്റെ മാധ്യമ യുക്തിയും മറ്റൊന്നല്ല.—ഇതേവരെ ധരിക്കാത്ത മുഖാവരണം കൃത്രിമമായണിയിച്ച് ദേശീയ പത്രം ഹാദിയയെ അവതരിപ്പിച്ചതിലെ മാധ്യമ മനോനില കാണാനും ഭൂതക്കണ്ണാടി വേണ്ടാ... —കേരളത്തിലെ ചെറുതും വലുതുമായ നിരവധി പത്രങ്ങള്‍ക്കിടയില്‍ എന്തിനാണ് തേജസ് എന്നതിന് ആമുഖമാണ് മുഖ്യധാരാ മാധ്യമങ്ങളുടെ ഈ ദുരന്ത, ജീര്‍ണ വര്‍ത്തമാനം.—
തേജസ് ഒരു വലിയ പത്രമല്ല. എന്നാല്‍, വാസ്തവങ്ങളെ വകഞ്ഞുമാറ്റി പെരും നുണകളിലേക്കൊഴുകുന്ന വര്‍ഗീയ, മൂലധന മാധ്യമക്കുത്തൊഴുക്കിനെതിരേയും ഭരണകൂട വേട്ടയാടലുകള്‍ക്കെതിരേയും തളരാതെ തുഴഞ്ഞ് തേജസ് തീക്ഷ്ണമായ അടയാളപ്പെടുത്തലുകളുടെ വ്യാഴവട്ടത്തിലേക്ക് നങ്കൂരമിടുന്നു എന്നത് മറ്റെല്ലാ മാധ്യമ വലുപ്പങ്ങളെയും ചെറുതാക്കുന്നതു തന്നെയാണ്.—ഒരു ദിനപത്രത്തെ സംബന്ധിച്ചു 12 വര്‍ഷമെന്നത് അടയാളപ്പെടുത്തലിന്റെ വലിയ കാലയളവല്ല. എന്നാല്‍, തേജസിനെ സംബന്ധിച്ച് അതു സാക്ഷാല്‍ക്കാരത്തിന്റെ വലിയ കാലയളവു തന്നെയാവുന്നത് അനുഭവങ്ങളുടെ തീക്ഷ്ണതയും അതിജീവനത്തിന്റെ സമാനതകളില്ലാത്ത ആര്‍ജവവും കൊണ്ടാണ്.—
വാര്‍ത്തകളെ ഇരയുടെയും വേട്ടക്കാരന്റെയും തോളിലിരുന്ന് കുറുക്കന്റെ കൗശലത്തോടെ സമീപിക്കുകയും ക്രമേണ ഇരയെ വിഴുങ്ങി വേട്ടക്കാരന്റെ നാവാകുകയും ചെയ്യുന്ന മാധ്യമ വ്യവസ്ഥിതിക്കെതിരേ കലഹിച്ചുകൊണ്ടാണ് തേജസ് 2006ല്‍ പ്രയാണമാരംഭിച്ചത്. —പോരാട്ടം ഭീകരതയും പോരാളികള്‍ ഭീകരരുമായി സ്ഥാപിക്കപ്പെട്ടുപോയ മാധ്യമ നിഘണ്ടുക്കളിലേക്ക് മനുഷ്യാവകാശത്തിന്റെയും പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും പോരാളികളുടെയുമൊക്കെ പുതിയ ആവിഷ്‌കാരങ്ങള്‍ കോറിയിടാന്‍ തേജസ് ഒരു നിയോഗമായത് വിദൂരമല്ലാത്ത ചരിത്രം. ഫലസ്തീനിലെയും കശ്മീരിലെയുമൊക്കെ പൊരുതുന്ന യുവത്വത്തിന് ഭീകരതയുടെ മാത്രം അടിക്കുറിപ്പും തലക്കെട്ടുമെഴുതി ശീലിച്ചവര്‍ക്ക് തേജസ് എന്ന നവമാധ്യമ ശൈലീ പുസ്തകത്തില്‍ പുതിയ വെളിപാടുകളുണ്ടായി.——സാമ്രാജ്യത്വത്തെയും സയണിസത്തെയുമൊക്കെ മനസ്സാ പുല്‍കുന്നവര്‍ക്കു പോലും സദ്ദാം ഹുസയ്‌നെ രക്തസാക്ഷിയായി അംഗീകരിക്കേണ്ടി വന്നതും തിരുത്തല്‍ മാധ്യമ ബദലിന്റെ സാന്നിധ്യം കൊണ്ടുതന്നെ.—
പണ്ട് മേല്‍ക്കോയ്മാ പത്രങ്ങള്‍ കൂവിയില്ലെങ്കില്‍ നേരം വെളുക്കില്ലെന്നതായിരുന്നു അവസ്ഥ.— ഡല്‍ഹിയില്‍ ആറുലക്ഷം പേര്‍ അണിനിരന്ന ശരീഅത്ത് റാലി കേരളമറിയാതെ പോയത് ആ കാലത്താണ്.— അതു കഴിഞ്ഞ്, അയോധ്യയില്‍ നിന്നു പുറപ്പെട്ട ആക്രമണോല്‍സുക ഹിന്ദുത്വം 'മുഖ്യധാര' മാധ്യമങ്ങളെയപ്പാടെ വരുതിയിലാക്കിയപ്പോള്‍ കേരളത്തിലും വിദ്വേഷത്തിന്റെ പുകമറ.— മലബാറും മലപ്പുറവും കേരളത്തിലെ മുസ്‌ലിം പരിസരങ്ങളും പ്രധാന പത്രങ്ങള്‍ സംശയത്തിന്റെ മുള്‍മുനയിലാക്കി മുസ്‌ലിം വേട്ടയ്ക്ക് കളമൊരുക്കി. ധീരമായൊരു മാധ്യമ ബദലിന്റെ അഭാവത്തില്‍, മലപ്പുറത്തിന്റെയും സിമിയുടെയും ആയുധക്കപ്പലുകളുടെയും ഹവാലയുടെയുമൊക്കെ പേരില്‍ പടക്കപ്പെട്ട പെരും നുണകള്‍ ഒരു സമുദായത്തിന്റെ മേല്‍ അശനിപാതമായി വീഴാന്‍ അന്തരീക്ഷത്തില്‍ തങ്ങിനിന്നു—.—
സമുദായത്തിന് പറയാനുള്ളതു കേള്‍ക്കാതെ പത്രങ്ങള്‍ പിന്നെയും കഥകള്‍ക്കു പിറകെ. പിന്നാലെ മുസ്‌ലിം യുവത്വത്തെ വേട്ടയാടാന്‍ പോലിസും. മാധ്യമങ്ങളുടെ മനോമുകുരങ്ങളില്‍ പാകപ്പെട്ട പൈപ്പ് ബോംബിന്റെയും സിഗരറ്റ് ബോംബിന്റെയുമൊക്കെ പേരില്‍ ഒട്ടേറെ മുസ്‌ലിം യുവത്വങ്ങള്‍ മലബാറിലെ പോലിസ് ഇരുട്ടറകളില്‍ ഭീകര മര്‍ദനങ്ങളേറ്റുവാങ്ങി.—
1990ല്‍ കേരളത്തില്‍ അരങ്ങേറിയ മുസ്‌ലിംവിരുദ്ധ മാധ്യമ നുണകളുടെ വേലിയേറ്റമാണ് തേജസ് എന്ന മാധ്യമ ബദലിന്റെ അടിസ്ഥാന പ്രചോദനം. അതൊരു ചരിത്രപരമായ അനിവാര്യത കൂടിയായിരുന്നു. വരേണ്യവര്‍ഗത്തിന്റെ ആവിഷ്‌കാരങ്ങള്‍ക്കപ്പുറം ദുര്‍ബല, ദലിത്, മുസ്‌ലിം, വനിതാ, ഗ്രാമീണ ഭൂരിപക്ഷത്തിന്റെ ജീവല്‍സ്പന്ദനങ്ങള്‍ ഒപ്പിയെടുക്കുന്ന ഒരു പത്രമെന്ന സ്വപ്‌നം. 12000ലധികം പേര്‍ ജനകീയമായി ഓഹരിയെടുത്ത് ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ജനകീയ പത്രം.—
മനുഷ്യാവകാശ സംരക്ഷണമാണ് അടിസ്ഥാനപരമായ മാധ്യമ പ്രവര്‍ത്തനമെന്നു ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ യശശ്ശരീരനായ മുകുന്ദന്‍ സി മേനോന്റെ നിറ സ്മരണകളില്‍, 2006 ജനുവരി 26ന് വാസ്തവങ്ങളാല്‍ വേറിട്ട വാര്‍ത്തകളുടെ വിഹായസ്സിലേക്കു തേജസിന്റെ പ്രയാണാരംഭം. —അതുവരെ മാധ്യമലോകം അവജ്ഞയോടെ അകറ്റിനിര്‍ത്തിയ സാധാരണക്കാരായ വനിതകളെയും ദലിത്-പിന്നാക്ക വിഭാഗങ്ങളെയും വാര്‍ത്തകളുടെ അരങ്ങിലേക്കും അണിയറയിലേക്കും തേജസ് മാടിവിളിച്ചപ്പോള്‍ അത്തരം പങ്കാളിത്തങ്ങള്‍ തേജസിനൊപ്പം പുതിയ ചരിത്രവുമായി.—
മലയാളത്തിലെ മാടമ്പി മാധ്യമവാഴ്ചയില്‍ അതേവരെ പറയാന്‍ അവസരം നിഷേധിക്കപ്പെട്ട അടിത്തട്ടിലെ മഹാ ഭൂരിപക്ഷത്തിന്റെ നാവാകുക എന്നതായിരുന്നു തേജസിന്റെ പ്രഖ്യാപിത ദൗത്യം. അത്തരം വാര്‍ത്താ വര്‍ത്തമാനങ്ങള്‍ അധികാരകേന്ദ്രങ്ങളെയും ഭരണകൂടങ്ങളെയും ഉപജാപകരെയുമൊക്കെ അലോസരപ്പെടുത്തുന്നുവെന്ന തിരിച്ചറിവ് തേജസിനു കൂടുതല്‍ കരുത്തും ആവേശവുമായി ഭവിക്കുകയും ചെയ്തു. ക്ലീഷേകളാല്‍ പരിമിതപ്പെട്ട പതിവു മാധ്യമ ഫ്രെയ്മുകളില്‍ നിന്ന് ഏറെ വിദൂരത്തായിരുന്ന ഇടുക്കിയിലെ വയറ്റാട്ടികളുടെയും തിരുനെല്ലിയിലെ അവിവാഹിതരായ അമ്മമാരുടെയും അട്ടപ്പാടിയിലെ പട്ടിണിപൈതങ്ങളുടെയുമൊക്കെ ജീവല്‍പ്രശ്‌നങ്ങള്‍ തേജസിനു മാത്രം പ്രധാന വാര്‍ത്തകളായതോടെ അധികാരികളുടെ ഉറക്കം കെട്ടത് സ്വാഭാവികം.— സര്‍ക്കാര്‍ പത്രക്കുറിപ്പുകളുടെ പൊള്ളത്തരങ്ങള്‍ എട്ടു കോളം വാര്‍ത്തയായിരുന്ന കീഴ്‌വഴക്കം മറ്റി, സര്‍ക്കാര്‍ അവകാശവാദങ്ങളിലെ നെല്ലും പതിരും തേജസ് ചികയാനാരംഭിച്ചത് ഉദ്യോഗസ്ഥ പ്രഭുത്വത്തെയും തേജസിന്റെ ശത്രുപക്ഷത്താക്കി.—
സാമ്രാജ്യത്വ, ഫാഷിസ്റ്റ് ഭീകരതയോട് മനുഷ്യപക്ഷത്തു നിന്നുള്ള തേജസിന്റെ സമീപനം മനുഷ്യാവകാശങ്ങള്‍ക്കുള്ള ജനാധിപത്യപരമായ ഐക്യദാര്‍ഢ്യം കൂടിയായിരുന്നു. സാമ്രാജ്യത്വ ഭീകരതയെ എതിര്‍ക്കുന്നതില്‍ തേജസ് പ്രകടിപ്പിച്ച ആര്‍ജവം അമേരിക്കന്‍ മൂടുതാങ്ങികളെ വല്ലാതെ അലോസരപ്പെടുത്തി. ഇന്ത്യയുടെ പാരമ്പര്യ ചേരിചേരാ നയം അട്ടിമറിച്ചു സയണിസ്റ്റ് ഭീകരതയുമായി രാജ്യം ചങ്ങാത്തം കൂടിയതിനെ തേജസ് തുറന്നുകാട്ടിയതും മനുഷ്യാവകാശപക്ഷത്തു നിന്നുതന്നെ.—
ഹിന്ദുത്വ ഫാഷിസത്തിനെതിരായ തേജസിന്റെ നിലപാടുകള്‍ രഹസ്യമല്ല. അതുകൊണ്ടു തന്നെ, രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടും പരസ്യമാണ്. വര്‍ഗീയ ഫാഷിസത്തിന് വിടുപണി ചെയ്യുന്ന മാധ്യമങ്ങള്‍ കാണാത്തതും കണ്ണടയ്ക്കുന്നതും തേജസ് കാണുകയും കണ്ടെത്തുകയും തന്നെ ചെയ്യും.—ഉപപ്രധാനമന്ത്രിയായിരുന്ന എല്‍ കെ അഡ്വാനി കോഴിക്കോട്ടെത്തിയപ്പോള്‍ സുരക്ഷാ വ്യൂഹത്തില്‍ നിന്ന് ഒരു മുസ്‌ലിം പോലിസുകാരനെ അകാരണമായി മാറ്റിയപ്പോള്‍ അറിഞ്ഞ പത്രങ്ങളും കണ്ണടച്ചു. എന്നാല്‍, തേജസ് ആ സംഭവം പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയപ്പോള്‍ പുറംലോകമറിഞ്ഞു.—
2009ലെ ഹുബ്ലി സിമി വേട്ടയുമായി ബന്ധപ്പെട്ടു കേരളത്തിലെ മുസ്‌ലിം സമുദായത്തിനെതിരേയും ആക്രമണോല്‍സുക നുണകളാണ് മാധ്യമങ്ങള്‍ ചമച്ചത്. യാഥാര്‍ഥ്യം പുറത്തു കൊണ്ടുവന്നത് തേജസ് മാത്രം. ബംഗളൂരു കേസില്‍ മഅ്ദനിയെ അടച്ച ജയിലിന്റെ കക്കൂസില്‍ പോലും കാമറ ഘടിപ്പിച്ചത് തേജസിലൂടെയാണ് പുറംലോകമറിഞ്ഞത്.—
2009ല്‍, സംഘപരിവാരത്തിന്റെ നാവായി മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ മുസ്‌ലിംസമുദായത്തിനെതിരേ പ്രചരിപ്പിച്ച ലൗജിഹാദ് നുണകളുടെ മുനയൊടിക്കാന്‍ തേജസ് മാത്രമേ ഉണ്ടായുള്ളൂ എന്നത് പരമസത്യം. കേരളത്തിലെ മാധ്യമങ്ങള്‍ പൊലിപ്പിക്കുകയും സംഘപരിവാരം പിന്നീട് ദേശീയതലത്തില്‍ പ്രചരിപ്പിക്കുകയും ചെയ്ത ലൗജിഹാദ് നുണയുടെ പേരിലാണ് അടുത്ത ദിവസവും രാജസ്ഥാനില്‍ ഒരു മുസ്‌ലിം യുവാവ് പച്ചയോടെ കത്തിക്കപ്പെട്ടത്.—
ദലിത്, ന്യൂനപക്ഷ, പിന്നാക്ക, ദുര്‍ബല മനുഷ്യപക്ഷത്തു നിന്നുള്ള നിര്‍ഭയമായ വാര്‍ത്തകള്‍ തേജസിനെതിരായ ഭരണകൂടത്തിന്റെ കുറ്റപത്രമായി ചാര്‍ത്തപ്പെടുന്ന വിരോധാഭാസത്തിനും കാലം സാക്ഷിയായി. ഏഴു വര്‍ഷം മുമ്പ് തേജസിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം നിഷേധിക്കപ്പെട്ടു. കാരണം, ഇനിയും വ്യക്തമല്ല. സംഘപരിവാരം തേജസിനെതിരേ പടച്ചുണ്ടാക്കിയ ആരോപണങ്ങള്‍ ഐബി റിപോര്‍ട്ടായി സര്‍ക്കാര്‍ രേഖകളില്‍ ഇടംപിടിച്ചുവത്രേ. തേജസിനെതിരേ സംസ്ഥാനത്തെ പഴയ ഒരു ഇന്റലിജന്റ്‌സ് മേധാവി തയ്യാറാക്കിയ പഴയ പത്രമാരണ നിയമം തപ്പിയെടുത്തതിന്റെ യുക്തി പക്ഷേ, ഇപ്പോഴും മാധ്യമ, സാക്ഷര ലോകത്തിനു പിടികിട്ടിയിട്ടില്ല.—
ചുറ്റുമുള്ളവ നിശ്ചലമാവുമ്പോഴാണ് ചലനം യാഥാര്‍ഥ്യമാവുക എന്നൊരാപ്ത വാക്യമുണ്ട്.— ഭരണകൂടങ്ങള്‍ ഭയപ്പെടുമ്പോഴാണ് ഒരു പത്രം യാഥാര്‍ഥ്യമാവുക. ആ യാഥാര്‍ഥ്യമാണ് തേജസിന്റെ കരുത്തും ഊര്‍ജവുമെന്നു പിന്നിട്ട കാലയളവുകള്‍ സാക്ഷി. വായടയ്ക്കാതെ, വിടുവായത്തം പറയാതെ, വാസ്തവങ്ങള്‍ക്കൊപ്പം തേജസ്.

RELATED STORIES

Share it
Top