വാഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ഭാവി തുലയ്ക്കരുതെന്ന്കാംപസ് ഫ്രണ്ട്

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും വീഴ്ചവരുത്തുന്ന കേരള സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഭാവി തുലയ്ക്കുകയാണെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍. കാംപസ് ഫ്രണ്ട് കേരള സര്‍വകലാശാലാ ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു വര്‍ഷം മുമ്പ്് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ വരെ പേപ്പറുകള്‍ സര്‍വകലാശാലയില്‍ കെട്ടിക്കിടക്കുന്നു. നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റര്‍ ഫലം പോലും പ്രഖ്യാപിച്ചിട്ടില്ല. മാര്‍ച്ചില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ ക്ലാസ് തുടങ്ങിയിട്ടില്ല. വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റ്, സെനറ്റ് കമ്മിറ്റികളുമാണ് ഇതിന് ഉത്തരവാദികള്‍. വിദ്യാഭ്യാസ മന്ത്രി അനിവാര്യമായ ഇടപെടല്‍ നടത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ് ക്ലബ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചിന് സംസ്ഥാന കൗണ്‍സില്‍ അംഗം ആസിഫ് നാസര്‍, ജില്ലാ പ്രസിഡന്റ് സജീര്‍ കല്ലമ്പലം, ജില്ലാ സെക്രട്ടറി അംജദ് കണിയാപുരം നേതൃത്വം നല്‍കി. മാര്‍ച്ച് സര്‍വകലാശാലാ ആസ്ഥാനത്തിനു മുന്നില്‍ പോലിസ് തടഞ്ഞു.

RELATED STORIES

Share it
Top