വാഴവെട്ടിയത് പരാതിയാക്കിയ ഹരിജന്‍ യുവാവിന് പോലിസ് മര്‍ദനം

അടിമാലി: ഏത്തവാഴ കൃഷി വെട്ടിയത് പരാതിയാക്കിയ ഹരിജന്‍ യുവാവിന് പോലിസ് മര്‍ദനം. വാളറ ദേവിയാര്‍ കോളനി കല്ലനാനിക്കല്‍ പാപ്പച്ചന്റെ മകന്‍ ജോയിയെയാണ് അടിമാപോലിസ് മര്‍ദിച്ചതായി കാട്ടി ജില്ലാ പോലിസിന് പരാതി നല്‍കിയത്. ജോയി അടിമാലി താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവം നടന്ന് 5 ദിവസം കഴിഞ്ഞിട്ടും ആശുപത്രിയിലെത്തി യുവാവിന്റെ മൊഴിയെടുക്കാത്ത പോലിസ് നടപടി വിവാദമാവുകയും ചെയ്തു.
ഇതിനിടെ ജോയി കൃഷിയിറക്കിയ എത്തവാഴ കൃഷി തിങ്കളാഴ്ച രാത്രിയും വെട്ടിനശിപ്പിച്ചത് പോലിസിനെതിരെ ജനരോക്ഷമുയരുന്നതിനും ഇടയാക്കി. ജോയി പത്താം മൈല്‍ ദേവിയാര്‍ കോളനി കൊല്ലംപറമ്പില്‍ ഹനീഫയുടെ പുരയിടത്തില്‍ കൃഷിറക്കിയിരുന്ന ഏത്തവാഴകളാണ് തിങ്കളാഴ്ച രാത്രി വെട്ടിനശിപ്പിച്ചത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കി ഉപജീവനം കണ്ടെത്തിയരുന്ന ജോയിയുടെ വാഴകൃഷി ഇത് മൂന്നാംവട്ടമാണ് വെട്ടി നശിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം മറ്റൊരു പുരയിടത്തില്‍ നിന്ന വാഴയും ഇത്തരത്തില്‍ വെട്ടിനശിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയും ജോയിയുടെ മാതാപിതാക്കളെ സമീപവാസി മര്‍ദിക്കുകയും ചെയ്തിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ് ജോയിയുടെ പിതാവ് പാപ്പച്ചന്‍(72), ഭാര്യ ചിന്നമ്മ(70) എന്നിവര്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു. ഈ സമയം അടിമാലി താലൂക്കാശുപത്രിയില്‍ എത്തിയ ജോയിയെ അടിമാലി പോലി സ് കസ്റ്റഡിയില്‍ എടുക്കുകയും മര്‍ദിക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് അടിമാലി പോലിസിനെതിരെ പാപ്പച്ചന്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. ഇവരുടെ അയല്‍വാസി കൊല്ലമ്മാവുടി സോമനെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്. ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സോമന്റെ ജീപ്പിന്റെ ഗ്ലാസ് ജോയി അടിച്ച് തകര്‍ത്ത സംഭവത്തില്‍ ജോയിക്കെതിരെ അടിമാലി പോലിസ് കേസ് എടുത്തിരുന്നു. ഈ സംഭവത്തിലാണ് ജോയിയെ അറസ്റ്റ് ചെയ്തതെന്ന് അടിമാലി പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top