വാള്‍പാറയില്‍ നിന്ന് പിടികൂടിയ പുലിയെ മുതുമല വനത്തില്‍ വിട്ടു

ഗൂഡല്ലൂര്‍: വാള്‍പാറയില്‍ നിന്ന് പിടികൂടിയ പുലിയെ വനംവകുപ്പ് മുതുമല വന്യജീവി സങ്കേതത്തില്‍ കൊണ്ടുപോയി വിട്ടു.
ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് പുലിയെ തുറന്ന് വിട്ടത്. തുറപ്പള്ളി, മസിനഗുഡി, മായാര്‍ മേഖലകളിലെ ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ഏഴ് വയസ് പ്രായമുള്ള ആണ്‍ പുലിയെയാണ് മുതുമല വനമേഖലയിലെ ബന്ധിപ്പൂര്‍ അതിര്‍ത്തി വനത്തില്‍ വിട്ടത്. കോയമ്പത്തൂര്‍ ജില്ലയിലെ വാള്‍പാറയില്‍ തോട്ടംതൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തുകയും അഞ്ച് തൊഴിലാളികളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത പുലിയാണിത്.
ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വനംവകുപ്പ് പുലിയെ കൂട് വെച്ച് പിടിക്കുകയായിരുന്നു. തുടര്‍ന്ന് പുലിയെ ചെന്നൈയിലെ വണ്ടല്ലൂരിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പുലിയെ മുതുമലയില്‍ കൊണ്ടുവന്ന് വിടാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 12 ന് ആണ് 250 കിലോമീറ്ററുകളോളം ലോറിയില്‍ കൂട്ടില്‍ കൊണ്ടുവന്ന പുലിയെ മുതുമല വനത്തില്‍ തുറന്ന് വിട്ടത്.
മുതുമല കടുവാസംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ചെമ്പക പ്രിയ, ഡോക്ടര്‍മാരായ മനോഹരന്‍, പ്രകാശ്, റേഞ്ചര്‍മാരായ രാജേന്ദ്രന്‍, ശെല്‍വകുമാര്‍, ദയാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ വനത്തില്‍ തുറന്ന് വിട്ടത്.

RELATED STORIES

Share it
Top