വാളാരംകുന്ന് ക്വാറിക്ക് ലൈസന്‍സ് പുതുക്കിനല്‍കില്ല

വെള്ളമുണ്ട: ബാണാസുര വാളാരംകുന്ന് അത്താണി കരിങ്കല്‍ ക്വാറിക്ക് ഗ്രാമപ്പഞ്ചായത്ത് ലൈസന്‍സ് പുതുക്കിനല്‍കില്ല. മാര്‍ച്ച് 31ഓടെ കാലാവധി തീരുന്ന ഖനനാനുമതി പുതുക്കാനായി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും സബ് കലക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കി നല്‍കേണ്ടെന്നാണ് ഭരണസമിതി തീരുമാനം.
കൃത്യമായി രേഖകളെല്ലാം സമര്‍പ്പിച്ച ശേഷം മാത്രം ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്നാണ് പഞ്ചായത്തിന്റെ നിലപാട്. ക്വാറിയുടെ 50 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ നാല് ആദിവാസി വീടുകളുണ്ടെന്ന റിപോര്‍ട്ട് പ്രകാരമാണ് സബ് കലക്ടര്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയത്. സെക്രട്ടറി സബ് കലക്ടര്‍ക്ക് നല്‍കിയ റിപോര്‍ട്ടില്‍ 70 മീറ്റര്‍ പരിധിയിലായിരുന്നു വീടുള്ളതായി കാണിച്ചത്.
എന്നാല്‍, ക്വാറി ഭൂമിയുടെ അതിരില്‍ നിന്നാണ് പരിധി കണക്കാക്കേണ്ടതെന്നും കെഎംഎംസി റൂള്‍ പ്രകാരം മാത്രമേ ലൈസന്‍സ് നല്‍കാവൂവെന്നും സബ് കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ക്വാറി പ്രവര്‍ത്തിക്കുന്ന ഭൂമിയുടെ സ്‌കെച്ച് നേരില്‍ പരിശോധിക്കാന്‍ സബ് കലക്ടര്‍ ഇന്നു സ്ഥലം സന്ദര്‍ശിക്കും.

RELATED STORIES

Share it
Top