വാളാരംകുന്നില്‍ ആദിവാസി വീടുനിര്‍മാണം പാതിവഴിയില്‍

മാനന്തവാടി: ട്രൈബല്‍ സൊസൈറ്റികള്‍ക്ക് ആദിവാസികളുടെ ഭവനനിര്‍മാണ ചുമതല നല്‍കണമെന്ന നിര്‍ദേശം മറികടന്ന് സ്വാകര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയ ആദിവാസി വീടുകള്‍ പാതിവഴിയില്‍. വെള്ളമുണ്ട വാളാരംകുന്നിലെ എട്ടു വീടുകളുടെ നിര്‍മാണമാണ് കരാറുകാരന്‍ പണം കൈപ്പറ്റി പാതി വഴിയില്‍ ഉപേക്ഷിച്ചത്. 2015-16 വര്‍ഷത്തിലാണ് വാളാരംകുന്നിലെ കോളനിയില്‍ 16 വീടുകള്‍ ട്രൈബല്‍ വകുപ്പ് അനുവദിച്ചത്. മൂന്നരലക്ഷം രൂപ വീതമായിരുന്നു ഓരോ വീടിനുമുള്ള വിഹിതം. ലാഭകരമായി പണി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നതിനാല്‍ വെള്ളമുണ്ടയിലെ ട്രൈബല്‍ സൊസൈറ്റി നീര്‍മാണച്ചുമതല ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിരുന്നെങ്കിലും സമീപത്തെ സ്വകാര്യവ്യക്തിക്ക് കരാര്‍ നല്‍കുകയാണ് ട്രൈബല്‍ വകുപ്പ് ചെയ്തത്. തുടക്കത്തില്‍ തന്നെ വീടിന്റെ പണി മന്ദഗതിയിലായിരുന്നു. ഒന്നരവര്‍ഷം കഴിഞ്ഞിട്ടും പണിപൂര്‍ത്തിയാക്കാതെ കരാറുകാരന്‍ അനാസ്ഥ കാണിച്ചപ്പോള്‍ കോളനിവാസികള്‍ ജില്ലാ കലക്ടര്‍ക്കും എസ്എംഎസ് ഡിവൈഎസ്പിക്കും പരാതി നല്‍കി. ഇതേത്തുടര്‍ന്ന് കരാറുകാരന്‍ 2017 മാര്‍ച്ച് 30നകം പണിപൂര്‍ത്തിയാക്കാമെന്ന് ഉറപ്പുനല്‍കി. പിന്നീട് എട്ടു വീടുകളുടെ പണി രണ്ടുമാസം മുമ്പ് പൂര്‍ത്തികരിച്ചു നല്‍കുകയും ചെയ്തു. നിലവില്‍ വാളാരംകുന്നിലെ ലീല, കണക്കി, പാറ്റ ചാമന്‍, വസന്ത, കുബ, ഉഷ കേളു, പാറ്റ ചണ്ടി, ലീല രാജന്‍ എന്നിവരുടെ വീടുകളാണ് പാതിവഴിയില്‍. കെട്ടി വാര്‍പ്പ് നടത്തിയതൊഴിച്ചാല്‍ മറ്റു പ്രവൃത്തികളൊന്നും ചെയ്തിട്ടില്ല. തേപ്പ്, വയറിങ്, ജനല്‍ ഘടിപ്പിക്കല്‍, അടുക്കള നിര്‍മാണം, കക്കൂസ് നിര്‍മാണം തുടങ്ങി ഭൂരിഭാഗം പണികളും ബാക്കിയാണ്. കരാര്‍ തുകയുടെ നല്ലൊരു ഭാഗം കരാറുകാരന്‍ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. രണ്ടര ലക്ഷം മുതല്‍ മൂന്നുലക്ഷം രൂപ വരെയാണ് ഓരോ വീടിന്റെയും പേരില്‍ കരാറുകാരന്‍ കൈക്കലാക്കിയത്. ചില വീടുകളുടെ നിര്‍മാണത്തിനായി മണ്ണ് നീക്കിയതു കാരണം മണ്ണിടിച്ചില്‍ ഭീഷണിയും കോളനിയിലെ വീടുകള്‍ക്കുണ്ട്. ചെയ്ത പണികളില്‍ തന്നെ നിരവധി പരാതികളും നിലവിലുണ്ട്. രണ്ടുവര്‍ഷം കൊണ്ടു തന്നെ നിര്‍മിച്ച വീടുകള്‍ ചോര്‍ന്നൊലിക്കുന്നതായും പരാതിയുണ്ടെങ്കിലും അന്വേഷിക്കാനും നടപടിയെടുക്കാനും അധികൃതര്‍ തയ്യാറാവുന്നില്ലാണ് ആക്ഷേപം.

RELATED STORIES

Share it
Top