വാളാങ്കിച്ചാല്‍ മോഹനന്‍ വധം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കീഴടങ്ങി

കണ്ണൂര്‍: സിപിഎം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന മോഹനനെ (53) കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കീഴടങ്ങി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തെന്ന് പോലിസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ പിണറായി പുത്തന്‍കത്തെ പ്രനൂബ് ബാബു (35) ആണ്  ഇന്നലെ കൂത്തുപറമ്പ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
മോഹനന്‍ വധക്കേസില്‍ 13ാം പ്രതിയാണ് പ്രനൂബ്. 2016 ഒക്ടോബര്‍ 10ന് രാവിലെ 10.30ഓടെയാണ് വാളാങ്കിച്ചാലിലെ കള്ളുഷാപ്പ് ജീവനക്കാരനായ മോഹനനെ ഷാപ്പിനകത്തുവച്ച് ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ 16 പേരാണ് കേസിലുള്ളത്. ഇവരില്‍ 12 പേര്‍ ഇതിനകം അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. വി കെ രാഹുല്‍ , രൂപേഷ് രാജ്, നവജിത്ത്, മിനീഷ് , സി സായൂജ്, സജേഷ്, എം രാഹുല്‍, പി വി പ്രിയേഷ്, വിപിന്‍, ടി കെ റിജിന്‍, എം ആര്‍ ശ്രീനിലേഷ്, ഇ സുബീഷ്, സുര്‍ജിത്, ജിതേഷ്, ധലനീഷ് എന്നിവരാണ് മറ്റു പ്രതികള്‍. ഇവരില്‍ ആറുപേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തിയിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതികള്‍ മോഹനനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
അതേസമയം, സിപിഎം ജില്ലാ സെക്രട്ടറിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലിസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

RELATED STORIES

Share it
Top