വാളയാര്‍ ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥ ക്ഷാമംഅബ്ദുല്‍ ഹക്കീം കല്‍മണ്ഡപം

വാളയാര്‍: വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിസ്സഹകരണവും ഉദ്യോഗസ്ഥ ക്ഷാമവും മൂലം വാളയാര്‍ ചെക്‌പോസ്റ്റില്‍ വാഹന പരിശോധന വൈകുന്നു. സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കഴിഞ്ഞ ഒരാഴ്ചയായി രൂപപ്പെടുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് ചരക്കു നീക്കം നടക്കുന്ന ഔട്ട് ചെക്‌പോസ്റ്റിലാണ് കൂടുതല്‍ തിരക്ക്. കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് നീക്കം ഇതോടെ മന്ദഗതിയിലായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചെക്‌പോസ്റ്റിലെ തിരക്ക് പതിവിലും കൂടി. പല ദിവസവും വാണിജ്യ നികുതി ഔട്ട് ചെക്‌പോസ്റ്റില്‍ നിന്ന് തുടങ്ങിയ വാഹന നിര വട്ടപ്പാറയും കടന്നു നീങ്ങുകയാണ്.  പരിശോധന മണിക്കൂറോളം വൈകുന്നതിനാല്‍ ലോറി ഡ്രൈവര്‍മാരും ദുരിതത്തിലാണ്. പത്തുമണിക്കൂര്‍ മുതല്‍ 22 മണിക്കൂര്‍ വരെ കാത്തുകെട്ടികിടക്കേണ്ടി വരുന്നുണ്ടെന്ന് ലോറി ഡ്രൈവര്‍മാര്‍ പറയുന്നു. വേലന്താവളം, ഗോപാലപുരം ചെക്‌പോസ്റ്റുകളില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയെടുത്തിരുന്നു. ഇതുകൂടാതെ ജിഎസ്ടി നടപ്പാക്കുന്നതിന് മുന്നോടിയായി പരിശീലനത്തിന് പ്രവേശിപ്പിച്ചതിനാല്‍ ചെക്‌പോസ്റ്റില്‍ നിലവിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയിലും താഴെയായി. ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കൗണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തിയും പകരം ഡ്യൂട്ടിയേറ്റുമാണ് ഇന്‍, ഔട്ട് ചെക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം മുന്നോട്ടു പോവുന്നത്. വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പരിശോധന വേഗത്തിലാക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരും ചെക്‌പോസ്റ്റുകളിലില്ല. തിരക്കു കൂടിയതോടൊപ്പം പരിശോധന വൈകിയിട്ടും പകരം ജീവനക്കാരെ നിയോഗിക്കാനുള്ള നടപടികളും കടലാസില്‍ ഒരുക്കുകയില്ല.

RELATED STORIES

Share it
Top