വാല്‍പ്പാറയില്‍ വനംവകുപ്പിന്റെ കൂട്ടില്‍ പുള്ളിപ്പുലി കുടുങ്ങിചാലക്കുടി: വാല്‍പ്പാറയില്‍ വനംവകുപ്പ് ഒരുക്കിയ കെണിയില്‍ പുള്ളിപ്പുലി കുടുങ്ങി. പ്രദേശത്ത് നാലു വയസുകാരനെ കൊന്ന പുലിയാണിതെന്നാണ് കരുതപ്പെടുന്നത്. കുട്ടിയെ തട്ടിയെടുത്ത ഭാഗത്ത് സ്ഥാപിച്ച കൂട്ടില്‍ ഇന്നു വെളുപ്പിനാണ് പുലി കുടുങ്ങിയത്. കൂട്ടില്‍ നിന്ന് ശബ്ദം കേട്ട് നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോളാണ് പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ശൗര്യം വിടാതെ കൂട്ടിനകത്തും പരക്കം പാഞ്ഞ പുലിയെ മയക്കുവെടി വച്ച് മയക്കി. നിലവില്‍ സ്ഥാപിച്ച കൂട് മാറ്റരുതെന്ന നാട്ടുകാരുടെ ആവശ്യം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചു. മറ്റൊരു കൂട്ടിലേക്ക് പുലിയെ മാറ്റി ഉള്‍വനത്തിലേക്ക് കൊണ്ടു പോയി. കഴിഞ്ഞ ദിവസം വനം വകുപ്പിന്റെ സിസിടിവി കാമറകളില്‍ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഒന്നിലധികം പുലികള്‍ ഉണ്ടെന്നാണ് നിഗമനം. ജാഗ്രത തുടരണമെന്നാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്. ഒരാഴ്ച മുമ്പാണ് നാലുവയസുകാരന്‍ സെയ്തിനെ പുലി കൊന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കരടിയുടെ ആക്രമണത്തില്‍ ഇവിടെ ഒരു തോട്ടം തൊഴിലാളി മരിച്ചിരുന്നു. നൂറു കണക്കിന് തോട്ടം തൊഴിലാളികള്‍ കുടുംബസമേതം താമസിക്കുന്ന ഈ മേഖലയില്‍ പുലിയുടെ ആക്രമണം പതിവായിട്ടുണ്ട്.

RELATED STORIES

Share it
Top