വാലറ്റ പ്രദേശങ്ങള്‍ വരള്‍ച്ചാ ഭീഷണിയില്‍

കൊല്ലങ്കോട്: കാര്‍ഷികാവശ്യങ്ങള്‍ക്ക് ചുള്ളിയാര്‍ ഡാമിലെ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് വാലറ്റ പ്രദേശമായ പനങ്ങാട്ടി, വാക്കോട്, ഒടിഞ്ഞല്‍, തേവര്‍ മണി പ്രദേശങ്ങള്‍ ഉണക്ക് ഭീഷണിയില്‍. കടം വാങ്ങിയും പാട്ടത്തിനെടുത്തും നെല്‍കൃഷിചെയ്യുന്നവരാണ് ദുരിതത്തിലായത്. അമ്പത് ദിവസത്തിലധികം പ്രായമായ ഞാറ്റടികള്‍ പറിച്ചു നടാന്‍ വെള്ളമില്ലാത്തത് കാരണം ചേകോല്‍ പ്രഭാകരന്റെ പതിനഞ്ച് ഏക്കറോളം വരുന്ന കൃഷി സ്ഥലം ഉണക്ക ഭീഷണി നേരിടുകയാണ്. ഡാമിലെ വെള്ളം തുറന്നാലും കനാലുകള്‍ വൃത്തിയാക്കാത്തതും  പല സ്ഥലങ്ങളില്‍ വെള്ളം പാഴായി പോകുന്നതിനാലും വാലറ്റ പ്രദേശത്ത് വെള്ളമെത്താറില്ല. പൊട്ടിപ്പൊളിഞ്ഞ കനാലുകള്‍ നന്നാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ജാഗ്രത കാണിക്കാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയാവുന്നു. മീങ്കര ചുള്ളിയാര്‍ ഡാമുകള്‍ നിറഞ്ഞാല്‍ മാത്രമേ ഡാമിലെ വെള്ളത്തെ അശ്രയിച്ച് കൃഷി ചെയ്യുന്നവര്‍ക്ക് ഉപകാരമാകൂ. മഴയുടെ കുറവും പലകപ്പാണ്ടി പദ്ധതിയി വെള്ളത്തിന്റെ കുറവും ചുള്ളിയാര്‍ ഡാമില്‍ മണ്ണടിഞ്ഞ് ജലസംഭരണ ശേഷി കുറഞ്ഞതും വാലറ്റപ്രദേശത്തേക്ക് വെള്ളമെത്താതിന്റെ പ്രധാന കാരണമാകുന്നു.  മൂലത്തറയില്‍ നിന്നോ കമ്പാലത്തറയില്‍ നിന്നോ അടിയന്തിരമായി വെള്ളം മീങ്കരയിലും ചുള്ളിയാര്‍ ഡാമിലും എത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

RELATED STORIES

Share it
Top