'വാറെ കുശ് പുട്ട്? എന്തൂട്ട്...?' ഭാഷാപ്രയോഗജുഗല്‍ബന്ദിയായി പൂരനഗരി

ജംഷീര്‍  കൂളിവയല്‍

തൃശൂര്‍: കശ്മീരിലെ പൂഞ്ചില്‍ നിന്നെത്തിയ അസ്ഹര്‍ മഹ്മൂദ് 'വാറെ കുശ് പുട്ട്?' എന്നു ചോദിച്ചപ്പോള്‍ തൃശൂര്‍ 'ഗഡി' തിരിച്ചുചോദിച്ചു: 'എന്തൂട്ട്...?' കശ്മീരി ഭാഷയില്‍ 'എന്തൊക്കെയുണ്ട് വിശേഷ'മെന്നാണ് അസ്ഹര്‍ ചോദിച്ചത്. ആറു നാട്ടില്‍ നൂറു ഭാഷയെന്ന പ്രയോഗത്തെ അന്വര്‍ഥമാക്കുന്നതും ഭാഷാവൈവിധ്യത്തിന്റെ മനോഹാരിതയും കലോല്‍സവ നഗരിയില്‍ കാണാം.
കോഴിക്കോട് മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താമസിച്ചു പഠിക്കുകയാണ് കശ്മീര്‍ സ്വദേശികളായ അസ്ഹര്‍ മഹ്മൂദും മുഹമ്മദ് അഹ്മദും. ഹൈസ്‌കൂള്‍ വിഭാഗം ഉര്‍ദു പ്രസംഗം, കവിതാ രചന, ഉപന്യാസം മല്‍സരങ്ങളില്‍ പങ്കെടുക്കാനാണ് തൃശൂരിലെത്തിയത്. 'തൊഹാര്‍ ന കഹ' എന്നു ബിഹാറുകാരനായ മുഹമ്മദ് സെയ്ഫി ചോദിച്ചപ്പോള്‍ ഹിന്ദിമാഷിനു പോലും സംഗതി പിടിത്തം കിട്ടിയില്ല. ഭോജ്പുരി ഭാഷയില്‍ 'നിന്റെ പേരെന്താണ്' എന്നാണ് മര്‍കസില്‍ നിന്നുതന്നെ എത്തിയ സെയ്ഫി ചോദിച്ചത്. 'തന്തൂട്ടാണിഷ്ടാ... ജോറായിണ്ട്രാ... കിണ്ണന്‍ പരിപാടി' എന്നായിരുന്നു ഒപ്പന മല്‍സരം കണ്ടൊരു തൃശൂരുകാരന്റെ പ്രതികരണം.
ഒരു പലഹാരം പല പേരുകളില്‍ ആവശ്യപ്പെട്ടതോടെ തൃശൂരിലെ ഹോട്ടലുകാരും വലഞ്ഞു. സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട്ടു നിന്നെത്തിയവരുടെ ഇടയിലൂടെ നടന്നാല്‍ ഇവര്‍ പറയുന്നതു മലയാളം തന്നെയാണോ എന്നു സംശയിച്ചുപോവും. മലയാളം, കന്നട, തുളു, മറാഠി, കൊങ്ങിണി, ബ്യാരി, ഉര്‍ദു ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ജനവിഭാഗങ്ങളുടെ സാന്നിധ്യമാണു കാസര്‍കോടിനെ ഭാഷകളുടെ സംഗമഭൂമിയാക്കുന്നത്.
മുത്തങ്ങയിലെ മാച്ചിയമ്മ മുത്തശ്ശിയുടെ വാമൊഴികള്‍ നാടന്‍ പാട്ടായി അരങ്ങേറിയതു വനവാസികളായ കാട്ടുനായ്ക്കരുടെ ഭാഷയില്‍. ഭാഷ മനസ്സിലായില്ലെങ്കിലും സദസ്സ് നിഷ്‌കളങ്ക സംഗീതത്തില്‍ ലയിച്ചു. കാട്ടുമക്കളുടെ നര്‍ദമൊതെ (തിരണ്ടു കല്യാണം), പാട്ടുമൊതെ (കല്യാണം) പാടിയാണു കാടിന്റെ മക്കള്‍ എ ഗ്രേഡ് നേടിയത്.
വൈകിയെത്തിയ വിദ്യാര്‍ഥിയോടു കണ്ണൂരുകാരനായ അധ്യാപകന്‍ ചോദിച്ചു: ''ഏട്യാ പോയീന്?'' (എവിടെ പോയതാണ്?). കുട്ടികളുമായെത്തിയ മലപ്പുറത്തെ അധ്യാപകന്‍ ഐസ്‌ക്രീം ചൂണ്ടിക്കാട്ടി ''അതു മാങ്ങാ...'' (അതു വാങ്ങാം) എന്നു പറഞ്ഞപ്പോള്‍ തൃശൂരുകാരനായ ഐസ്‌ക്രീം വില്‍പനക്കാരന്‍ അന്തംവിട്ടു. ഐസ്‌ക്രീം എങ്ങനെ മാങ്ങയാവും!

RELATED STORIES

Share it
Top