വാര്‍ഷികപദ്ധതി അന്തിമമാക്കുന്ന പ്രക്രിയ 31നകം പൂര്‍ത്തിയാക്കണം

എച്ച് സുധീര്‍
തിരുവനന്തപുരം: മുന്‍ വാര്‍ഷികപദ്ധതികളില്‍ ഏറ്റെടുത്തവയില്‍ 2018 മാര്‍ച്ചിനു മുമ്പു നിര്‍വഹണം പൂര്‍ത്തിയാക്കാത്തവ തുടരുന്നതിന് തദ്ദേശഭരണ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും സ്പില്‍ ഓവര്‍ പ്രൊജക്റ്റുകള്‍ കൂടി ഉള്‍പ്പെടുത്തി വാര്‍ഷികപദ്ധതി അന്തിമമാക്കുന്ന പ്രക്രിയ ഈ മാസം 31നകം പൂര്‍ത്തിയാക്കണം.
മുന്‍ വാര്‍ഷികപദ്ധതികളില്‍ ഏറ്റെടുത്ത പ്രൊജക്റ്റുകളില്‍ മാര്‍ച്ച് 31നകം നിര്‍വഹണം പൂര്‍ത്തിയാക്കാത്തവയുടെ നിലവിലുള്ള അവസ്ഥ പരിശോധിച്ച് തുടര്‍ന്ന് നടപ്പാക്കേണ്ട പദ്ധതികളെ സംബന്ധിച്ച് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും തീരുമാനമെടുക്കണം. നിര്‍വഹണ നടപടികള്‍ ആരംഭിക്കാത്തവയില്‍ ഇനി നടപ്പാക്കേണ്ടതില്ലെന്നു കണ്ടെത്തുന്നവ ഉപേക്ഷിക്കണം. ഭാഗികമായി പൂര്‍ത്തിയാക്കിയവയുടെ നിര്‍വഹണം പാഴ്‌ച്ചെലവ് വരാത്തവിധം അവസാനിപ്പിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു
നിര്‍ബന്ധമായും നടപ്പാക്കണമെന്നു കണ്ടെത്തുന്ന പദ്ധതികളെ, അധികവിഹിതം ലഭിക്കുന്നതിനു സാധ്യതയുള്ള സ്പില്‍ ഓവര്‍ പ്രൊജക്റ്റുകള്‍, മറ്റ് സ്പില്‍ ഓവര്‍ പ്രൊജക്റ്റുകള്‍ എന്നീ രണ്ടുവിഭാഗമായി തരംതിരിക്കണം.
2017-18 വാര്‍ഷികപദ്ധതിയിലെ പുതിയ പദ്ധതികളില്‍ 2018 ഏപ്രില്‍ 1ന് മുമ്പ് നിര്‍വഹണം ആരംഭിച്ച(കരാറില്‍ ഏര്‍പ്പെട്ടതോ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതോ)തും ഭേദഗതിയില്ലാതെ സ്പില്‍ ഓവറായി തുടരേണ്ടതുമായ പദ്ധതികളാണ് ആദ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. 2018 മാര്‍ച്ച് അവസാനം ട്രഷറിയില്‍ സമര്‍പ്പിച്ച് തുക നല്‍കാന്‍ കഴിയാതെ ക്യൂലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബില്ലുകളുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ലൈഫ്മിഷന്‍ പദ്ധതികളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.
ഈ സ്പില്‍ ഓവര്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള വിഹിതം പ്രത്യേകം അനുവദിക്കുന്നതിന് പരിഗണിക്കുമെന്നതിനാല്‍ ഇത്തരം പദ്ധതികളെ സുലേഖ സോഫ്റ്റ്‌വെയറില്‍ 2018-19ലെ ബജറ്റ് വിഹിതത്തിനുള്ളില്‍ കൊണ്ടുവരേണ്ടതില്ല. അവ ബജറ്റ് വിഹിതത്തിനു പുറത്ത് പ്രത്യേകം മാറ്റിനിര്‍ത്തണം.
അധികവിഹിതം തുടക്കത്തില്‍ തന്നെ അനുവദിക്കില്ല. 2018-19ലെ ബജറ്റ് വിഹിതം ഉപയോഗിച്ച് ഇവയുടെ തുക നല്‍കണം. ബജറ്റ് വിഹിതം പൂര്‍ണമായി ഉപയോഗിച്ചുകഴിയുന്ന മുറയ്ക്ക് അധികവിഹിതം അനുവദിക്കുന്നതു പരിഗണിക്കും. ആദ്യവിഭാഗത്തില്‍ ഉള്‍പ്പെടാത്ത എല്ലാ സ്പില്‍ ഓവര്‍ പദ്ധതികളും രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം. ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള വിഹിതം 2018-19ലെ ബജറ്റ് വിഹിതത്തില്‍ നിന്നു കണ്ടെത്തണം.
2017-18ല്‍ നിര്‍വഹണം ആരംഭിച്ച പുതിയ പ്രൊജക്റ്റുകള്‍ ഭേദഗതിയോടുകൂടിയാണ് 2018-19ല്‍ തുടരുന്നതെങ്കില്‍ അവയ്ക്കു വേണ്ട വിഹിതവും നിലവിലെ വിഹിതത്തില്‍ നിന്നു കണ്ടെത്തണം. ഇതിനകം അംഗീകാരം നേടിയ വാര്‍ഷികപദ്ധതി ഭേദഗതി ചെയ്തും വിഹിതം കണ്ടെത്താം.
ആദ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതികളുടെ പട്ടിക ജില്ലാ ആസൂത്രണസമിതിക്കു നല്‍കണം. സെക്രട്ടറി സാക്ഷ്യപ്പെടുത്തി നല്‍കുന്ന പട്ടിക പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിന്റെ സഹായത്തോടെ ജില്ലാ ആസൂത്രണസമിതി പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണമെന്നും തദ്ദേശഭരണ വകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തിലുണ്ട്.

RELATED STORIES

Share it
Top