വാരണാസി- കൊളംബോ റൂട്ടില്‍ വിമാന സര്‍വീസ് നടത്തും : മോദികൊളംബോ: ഈ വര്‍ഷം ആഗസ്ത് മുതല്‍ എയര്‍ ഇന്ത്യ കൊളംബോ- വാരണാസി വിമാന സര്‍വീസ് ആരംഭിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ദ്വിദിന ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെയാണു പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം. കാശി വിശ്വനാഥന്റെ ദേശത്ത് ഇനി എന്റെ തമിഴ് സഹോദരങ്ങള്‍ക്കും സന്ദര്‍ശനം നടത്താമെന്ന് കൊളംബോയില്‍ നടന്ന ചടങ്ങില്‍ മോദി വ്യക്തമാക്കി. കൊളംബോയില്‍ ബുദ്ധപൂര്‍ണിമ ദിന ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മോദിയുടെ ലോക്‌സഭാ മണ്ഡലം കൂടിയാണ് വാരണാസി. 2014ല്‍ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ ക്യോട്ടോ-വാരണാസി നഗരങ്ങളെ സഹോദര നഗരങ്ങളായി പ്രഖ്യാപിക്കുന്ന പദ്ധതിയില്‍ അദ്ദേഹം ഒപ്പുവച്ചിരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഹയും പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ചു. അതിനിടെ, കൊളംബോ തീരത്ത് നങ്കൂരമിടുന്നതിന് ചൈനീസ് അന്തര്‍വാഹിനിക്ക് ശ്രീലങ്ക അനുമതി നിഷേധിച്ചു. 2014 ഒക്‌ടോബറിലാണ് ചൈനീസ് അന്തര്‍വാഹിനി കൊളംബോ തീരത്ത് അവസാനമായി നങ്കൂരമിട്ടത്. അന്ന് ഇതിനെതിരേ ഇന്ത്യ ശക്തമായി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തിയ സാഹചര്യത്തില്‍ ശ്രീലങ്കയുടെ നടപടിക്ക് വലിയ മാനങ്ങളാണുള്ളത്. ശ്രീലങ്കന്‍ സര്‍ക്കാരിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

RELATED STORIES

Share it
Top