വായ്്പ മുടങ്ങിയ വാഹനം പിടിച്ചെടുത്ത സംഭവം:ബാങ്ക് മാനേജര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കും

പത്തനംതിട്ട: വായ്പ എടുത്ത് വാങ്ങിയ വാഹനം, വായ്പാ കുടിശികയുടെ പേരില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ പിടിച്ചെടുത്ത ബാങ്ക് മാനേജര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന യുവജനകമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഇലവുംതിട്ട സ്വദേശിയായ ഷാബുവാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ പത്തനംതിട്ടയില്‍ നടന്ന അദാലത്തില്‍ പരാതിയുമായി എത്തിയത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ നിന്ന് പെട്ടി ഓട്ടോ വാങ്ങുന്നതിനായി വായ്പ എടുത്തിരുന്നു. കര്‍ഷകനായ അപേക്ഷകന്‍ വായ്പയില്‍ മൂന്ന് തവണ കുടിശിക വരുത്തി. ബാങ്കിന്റെ നിര്‍ദേശ പ്രകാരം എത്തിയ ആളുകള്‍ വെള്ളപേപ്പറില്‍ ഒപ്പിടുവിച്ച് വാഹനം കെട്ടിവലിച്ച് കൊണ്ടുപോയി. ഇങ്ങനെ കൊണ്ടുപോയ വാഹനം അപകടത്തില്‍പെടുകയും എന്‍ജിന്‍ പണി ചെയ്യാതെ പുറത്തിറക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. വായ്പാ കുടിശികയായിരുന്ന മൂന്ന് ഗഡു ഒടുക്കി വാഹനം തിരികെ ആവശ്യപ്പെട്ട ഉടമസ്ഥനോട് വാഹനം റിപയര്‍ ചെയ്ത് നല്‍കുവാന്‍ കഴിയുകയില്ല എന്ന മറുപടിയാണ് ബാങ്ക് അധികൃതര്‍ നല്‍കിയതെന്ന് അപേക്ഷകന്‍ കമ്മീഷന്‍ മുമ്പാകെ അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെ വാഹനം പിടിച്ചെടുക്കുകയും തുടര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനം റിപയര്‍ ചെയ്ത് നല്‍കാന്‍ തയാറാകാത്തതുമായ ബാങ്കിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. വായ്പ കുടിശിക കൂടാതെ അടയ്‌ക്കേണ്ട ബാധ്യത അപേക്ഷകനുണ്ട്. എന്നാല്‍ നിയമസംവിധാനങ്ങളെ നോക്കുകുത്തികളാക്കി ബാങ്ക് എടുത്ത നടപടി അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. ബാങ്ക് മാനേജര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. കോന്നി ഗ്രാമപഞ്ചായത്തിലെ ഒരംഗവും പോലീസുമായി ഒരു വര്‍ഷം മുമ്പ് നടന്ന സംഘര്‍ഷം സംബന്ധിച്ച വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്നുവരുന്ന വകുപ്പുതല നടപടികള്‍ ഊര്‍ജിതപ്പെടുത്തുവാനും ജനപ്രതിനിധി നല്‍കിയ പരാതിയിന്മേല്‍ പോലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന വിഷയത്തില്‍ വിശദീകരണം തേടുവാനും കമ്മീഷന്‍ നിര്‍ദേശിച്ചു. 11 കേസുകളാണ് കമ്മീഷന്‍ അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ അഞ്ച് കേസുകള്‍ തീര്‍പ്പാക്കി. ആറ് കേസുകളില്‍ റിപോര്‍ട്ട് ആവശ്യപ്പെടാനും തീരുമാനിച്ചു. കെ യു ജനീഷ് കുമാര്‍, ദീപു രാധാകൃഷ്ണന്‍, ഐ സാജു, വി വിനില്‍, കമ്മീഷന്‍ സെക്രട്ടറി ജോക്കോസ് പണിക്കര്‍ അദാലത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top