വായ്മൂടിക്കെട്ടി കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിവില്‍പനയുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുന്നു. രൂപതയിലെ വിശ്വാസികള്‍ ചേര്‍ന്നു രൂപീകരിച്ച ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി(എഎംടി)യുടെ നേതൃത്വത്തില്‍ അതിരൂപതാ ആസ്ഥാനത്തിനു മുമ്പില്‍ വായ്മൂടിക്കെട്ടി കുത്തിയിരിപ്പു സത്യഗ്രഹം നടത്തി.
ആരോപണവിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്നും അതിരൂപതയുടെ സ്വത്തു നഷ്ടപ്പെടുത്തിയ കേസ് നടത്താന്‍ വീണ്ടും അതിരൂപതയുടെ തന്നെ പണം ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു സത്യഗ്രഹം. ഇന്നലെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരുന്നു കണ്‍വീനര്‍ ഷൈജു ആന്റണി, ഷൈന്‍ വര്‍ഗീസ്, റിജു കാഞ്ഞൂക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ 28ഓളം പേര്‍ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തിയത്.  ഇപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണച്ചുമതലയുള്ള സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ പ്രതിഷേധക്കാര്‍ സന്ദര്‍ശിക്കുകയും ഈ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് ഉറപ്പുനല്‍കിയതായി കണ്‍വീനര്‍ പറഞ്ഞു.  പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ മാസം 25ന് പൂണിത്തുറ ചമ്പക്കര സെന്റ് ജെയിംസ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ ഫൊറോനാ തല കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.  യോഗത്തില്‍ തുടര്‍ പ്രക്ഷോഭപരിപാടികള്‍ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കുമെന്നും ഷൈജു ആന്റണി പറഞ്ഞു.

RELATED STORIES

Share it
Top