വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്‌ചെങ്ങന്നൂര്‍: വായ്പ വാഗ്ദാനം ചെയ്ത് സംസ്ഥാനമാകെ തട്ടിപ്പു നടത്തിയ സമാന്തര സ്വാശ്രയ സംഘത്തിന്റെ ചെങ്ങന്നൂരിലെ പുതിയ ശാഖ ഇടപാടുകാര്‍ ഉപരോധിച്ചു. ചെങ്ങന്നൂര്‍ പുത്തന്‍വീട്ടില്‍പടി ജങ്ഷനില്‍ ഇന്നലെ രാവിലെ 11ന് മുന്‍ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്ത എന്‍ആര്‍ഐ അക്ഷയശ്രീ എന്ന സ്ഥാപനമാണ് ഇടപാടുകാര്‍ ഉപരോധിച്ചത്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ നാലാമത്തെ ശാഖയാണ് ചെങ്ങന്നൂരിലേത്. കൈലാസറാവു എന്ന ആളാണ് ഇതിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറും. ഓരോ പ്രദേശത്തും സ്ഥാപനത്തതിന്റെ ശാഖകള്‍ തുറന്ന് ഫീല്‍ഡ് സ്റ്റാഫിനെ ഉപയോഗിച്ച് അംഗങ്ങളെ ചേര്‍ത്ത് പണം തട്ടുകയാണ് ഇവരുടെ രീതിയെന്ന് പരാതിക്കാര്‍ പറയുന്നു. 110 രൂപാവീതം ആറ് മാസം തുര്‍ച്ചയായി അടച്ചാല്‍ അഞ്ചുലക്ഷം വരെ പണമോ സ്വര്‍ണ്ണമോ മറ്റ് സാധനങ്ങളോ നല്‍കാമെന്ന ഉറപ്പില്‍മേല്‍ 12 പേരുടെ സമാന്തര സ്വാശ്രയ സംഘങ്ങള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ്. ഇത്തരത്തില്‍ ഓരോ പഞ്ചായത്തുകളില്‍ നിന്നും നൂറു കണക്കിന് ഗ്രൂപ്പുകളാണ് ഇവരുടെ ബ്രാഞ്ചുകളില്‍ അംഗങ്ങളായിട്ടുള്ളത്. വിവാഹം, വിദ്യാഭ്യാസം വീട് നിര്‍മ്മാണം തുടങ്ങിയവക്ക് വായ്പ ലഭിക്കുമെന്ന പ്രതീക്ഷയോടെ പണം നിക്ഷേപിച്ച ഓരോരുത്തര്‍ക്കും 660 രൂപാ വീതം നഷ്ടപ്പെട്ടതല്ലാതെ പ്രയോജനം ഉണ്ടായില്ല. അംഗങ്ങളെ ചേര്‍ക്കാന്‍ ഫീല്‍ഡ് സ്റ്റാഫായി പ്രവര്‍ത്തിച്ചവര്‍ക്ക് പലസ്ഥലങ്ങളിലും സ്ഥാപനം പൂട്ടിയതോടെ നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയുമായി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഉള്ളവര്‍ക്ക് പണം നഷ്ടപ്പെട്ടതായി ചെങ്ങന്നൂരിലെത്തിയവര്‍ പറയുന്നു. പലരും വാടകയ്ക്ക് വാഹനം വിളിച്ചാണ് ഇന്നലെ ചെങ്ങന്നൂരിലെ ബ്രാഞ്ചിലെത്തിയത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ കൈലാസറാവുവിനെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെയാണ് നേരിട്ടെത്തിയുള്ള ഉപരോധത്തിന് പണം നഷ്ടപ്പെട്ടവര്‍ തയ്യാറായത്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ക്കാണ് പണം ഏറെ നഷ്ടപ്പെട്ടതെങ്കിലും  ചിലയിടങ്ങളില്‍ പുരുഷന്‍മാരും അംഗങ്ങളായിട്ടുണ്ട്. ചെങ്ങന്നൂരിലെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടന വിവരം അറിഞ്ഞ് പദ്ധതിയില്‍ ചേരാന്‍ എന്ന വ്യാജേനയാണ് പണം നഷ്ടപ്പെട്ടവര്‍ ആദ്യം ബന്ധപ്പെട്ടത്. നേരിട്ടെത്തിയാല്‍ നടത്തിപ്പുകാരനായ കൈലാസറാവുവിനെ കാണാമെന്ന ഉറപ്പും ലഭിച്ചു. പിടിക്കപ്പെടും എന്ന മനസിലാക്കിയ കൈലാസറാവു ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ ഉദ്ഘാടകന്റെ തന്നെ കാറില്‍ സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിനെയാണ് ചെങ്ങന്നൂരിലെ പുതിയ ബ്രാഞ്ചിന്റെ നടത്തിപ്പു ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. തിരുവല്ല പോലീസ് സ്‌റ്റേഷനിലെ ഒരു വനിതാ പോലീസുകാരിയുടെ മാതാമവാണ് ചെങ്ങന്നൂരിലെ പ്രധാന നടത്തിപ്പുകാരി. ഇത് തട്ടിപ്പിന് മറയാക്കാനാണന്ന് പണം നഷ്ടപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ ആര്‍ ശിവസുതന്‍പിള്ളയുടെ നിര്‍ദ്ദേശം അനുസരിച്ച് പോലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

RELATED STORIES

Share it
Top