വായ്പാ തട്ടിപ്പ്: കനറാ ബാങ്കിന്റെ രണ്ടു മുന്‍ ചെയര്‍മാന്‍മാര്‍ക്കെതിരേ സിബിഐ കുറ്റപത്രം

ന്യൂഡല്‍ഹി: വിന്‍സം ഡയമണ്ട്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ ജതിന്‍ മെഹ്ത 146 കോടി വായ്പാ തട്ടിപ്പു നടത്തിയെന്ന കേസില്‍ കനറാ ബാങ്കിന്റെ രണ്ട് മുന്‍ ചെയര്‍മാന്‍മാര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മെഹ്തയ്‌ക്കെതിരേ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ സിബിഐ ഇന്റര്‍പോളിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒളിവില്‍ പോയ മെഹ്തയ്ക്ക് സെയിന്റ് കിറ്റ്‌സ് പാസ്‌പോര്‍ട്ട് ഉണ്ടെന്നാണ് കരുതുന്നത്. മെഹ്ത, അദ്ദേഹത്തിന്റെ കമ്പനി, ഭാര്യ, 15 പൊതുസേവകര്‍ എന്നിവരടക്കം 21 പേര്‍ക്കെതിരേയാണു കുറ്റപത്രം സമര്‍പ്പിച്ചതെന്ന് സിബിഐ വക്താവ് അഭിഷേക് ദയാല്‍ അറിയിച്ചു. കനറാ ബാങ്ക് മുന്‍ ചെയര്‍മാന്‍മാരായ അവിനാശ് ചന്ദര്‍ മഹാജന്‍, സുന്ദര്‍ രാജന്‍ രാമന്‍, മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ച്ചനാ ഭാര്‍ഗവ എന്നിവര്‍ക്കെതിരേ കുറ്റപത്രമുണ്ട്.
ഇന്ത്യന്‍ ബാങ്കിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വിദേശത്തെ മൂന്ന് ആഭരണ ബാങ്കുകളില്‍ നിന്നു കമ്പനി സ്വര്‍ണം വാങ്ങിയെന്നും ഈ സ്വര്‍ണം പിന്നീട് സംസ്‌കരിച്ച് യുഎഇയിലെ 13 ഉപഭോക്താക്കള്‍ക്ക് അയച്ചുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കമ്പനി വായ്പ തിരിച്ചടച്ചില്ല. ഇതുവഴി കനറാ ബാങ്കിന് 146.35 കോടി നഷ്ടം വന്നുവെന്നും സിബിഐ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top